ന്യൂദല്‍ഹി: വധശിക്ഷ കാത്തുകഴിയുന്ന നിര്‍ഭയക്കേസിലെ പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ തല ഭിത്തിയിലിടിപ്പിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. സമയം നീട്ടിക്കിട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് സംശയം. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയില്‍ അടച്ചിരിക്കുന്ന ഇയാള്‍ തിങ്കളാഴ്ചയാണ് ഇങ്ങനെ ചെയ്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി ജയിലില്‍ മടക്കിയെത്തിച്ചു.
പൂര്‍ണമായും ആരോഗ്യവാനല്ലാത്തവരെ തൂക്കിക്കൊല്ലില്ല. പരിക്കേറ്റാല്‍ അത് ഭേദമാകും വരെ ശിക്ഷ മാറ്റിവയ്ക്കും. കൈകള്‍ ജയില്‍ മുറിയുടെ ഗ്രില്ലുകള്‍ക്കിടയില്‍ തിരുകി ഒടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. മരണവാറന്റ് ലഭിച്ചനാള്‍ മുതല്‍ വിനയിന്റെ മാനസിക നില തകരാറിലാണെന്നാണ് അഭിഭാഷന് എപി സിങ്ങിന്റെ അവകാശവാദം. എന്നാല്‍ മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും മനോനില പരിശോധനയില്‍ ഇയാള്‍ ആരോഗ്യവാനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
മരണവാറന്റ് വന്ന ശേഷം നാലു പുള്ളികളും ജയില്‍ അധികൃതരോട് രോഷത്തോെടയാണ് പെരുമാറുന്നത്. ഗാര്ഡുമാരോടും വാര്ഡന്മാരോടും അക്രമാസക്തരാണ്. ആഹാരം കഴിക്കാനും വിസമ്മതിക്കുകയാണ്. ഇവര്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ ജയില്‍ മുറികളില്‍ സിസിടിവി വച്ച് നിരീക്ഷിക്കുകയാണ്. രക്ഷിതാക്കളെ കാണാന്‍ അനുവദിക്കുന്നുണ്ടെങ്കിലും പലപ്പോഴും അവരെ കാണാന്‍ വിസമ്മതിക്കുകയാണ്.
അതിനിടെ വിനയ് ശര്‍മ മനോരോഗത്തിന് ചികില്‍സ ആവശ്യപ്പെട്ട് ഹര്‍ജി നല്കി. ശര്‍മയ്ക്ക് സ്വയം മുറിവേല്‍പ്പിക്കുന്ന പ്രവണതയുള്ള സ്കിസോഫ്രീനിയ എന്ന രോഗമാണെന്നും വിദഗ്ധ ചികില്‍സ വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ ദിവസം തല ഭിത്തിയിലിടിപ്പിച്ചതിനെത്തുടര്ന്ന് തലയ്ക്കും കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ടെന്നും അവയ്ക്കും വിദഗ്ധ ചികില്‍സ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ ജയില്‍ അധികൃതരുടെ വിശദീകരണം തേടി. നാളേക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ശര്‍മ്മയ്ക്ക് മനോരോഗം മൂര്‍ച്ഛിച്ചെന്നും അമ്മ അടക്കം ഉറ്റവരെപ്പോലും തിരിച്ചറിയുന്നില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: