ബെംഗളൂരു: ബെംഗളൂരുവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ 12 ജമാഅത്ത്-ഉല്-മുജാഹിദ്ദീന്‍ ഭീകര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരുവിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നജീര്‍ ഷെയ്ഖ് (പടഌഅനസ്-25), ആദില്‍ ഷെയ്ഖ് (അബ്ദുള്ള-27), അബ്ദുള്‍ കരീം (കരീം-21), ആസിഫ് ഇഖ്ബാല്‍ (23), മുസറഫ് ഹുസൈന് (ഹുസൈന്-22), ബിര്‍ഭും ജില്ലാ സ്വദേശികളായ കദൂര്‍ കാസി (മിജ്നൂര് റഹ്മാന്-33), ഹബീബുല്‍ റഹ്മാന് (തല്‍ഹ-28), മുസ്തഫിസര്‍ റഹ്മാന് (തുഹിന്‍-39), ബംഗ്ലാദേശ് മെയ്മാന്സിങ് സ്വദേശി ജാഹിദുല്‍ ഇസ്ലാം (കൗസര്‍-40), അസം ബാര്‍പേട്ട ജില്ലാ സ്വദേശി ആരിഫ് ഹുസൈന് (അനസ്-24), പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് ദില്‍വര്‍ ഹുസൈന് (28) എന്നിവരാണ് പ്രതികള്‍. ആരീഫ് എന്ന നസീമിനെ പിടികൂടാനുണ്ട്.
ബെംഗളൂരുവിലെ ചിക്കബാനവാരയില്‍ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസിലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. എന്‍ഐഎയുടെ പരിശോധനയില്‍ ബോംബുകളും ഐഇഡികളും നിര്‍മിക്കാനുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, ഉപകരണങ്ങള്‍, രാസവസ്തുക്കള്‍, പാത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്തതിന്റെ രേഖകള്‍, സ്ഥലങ്ങളുടെ മാപ്പുകള്‍, ഡിജിറ്റല്‍ കാമറകള്‍, ഒമ്പത് എംഎം വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു.
രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ബോംബു സ്ഫോടനത്തിനായിരുന്നു പദ്ധതി. ഇതിനായി ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പല സ്ഥലങ്ങളിലായി ഭീകര ക്യാമ്പുകള്‍ സംഘടിപ്പിച്ചെന്നും ഭീകരേ സംഘടനകളിലേക്ക് യുവാക്കളെ എടുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം, യുഎപിഎ എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികളുടെ പേരില്‍ ചുമത്തിയത്.
അന്വഷണത്തില്‍ പ്രതികള്‍ നിരോധിത ഭീകര സംഘടനയായ ജമാഅത്ത്-ഉല്-മുജാഹുദ്ദീന്റെ പ്രവര്‍ത്തകരാണെന്ന് വെളിപ്പെട്ടെന്നും ഇവര്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള തെളിവുകള്‍ ലഭിച്ചതായും എന്‍ഐഎ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: