മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തിലെ കക്ഷികള്‍ക്കിടയിലുള്ള ഭിന്നത കടുത്തു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, എല്‍ഗാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാടിനെ വിമര്‍ശിച്ച് എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി.
എന്‍പിആര്‍, പൗരത്വ നിയമ ഭേദഗതി എന്നിവയെക്കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും വ്യക്തിപരമെന്നാണ് എന്‍സിപി നേതാവ് ശരദ് പവാറിന്റെ പ്രതികരണം. എന്‍പിആറിനെ എതിര്‍ക്കില്ലെന്നും അതിനുവേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സിഎഎയോട് കടുത്ത വിയോജിപ്പും പവാര്‍ രേഖപ്പെടുത്തി. എന്‍പിആര്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്നും സിഎഎ പ്രബല്യത്തില്‍ കൊണ്ടുവന്നാല്‍ പോലും അതില്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ഉദ്ധവ് പറഞ്ഞിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തൊറാത് രംഗത്തെത്തി.
ഭീം കൊറേഗാവുമായി ബന്ധപ്പെട്ട എല്‍ഗാര്‍ പരിഷദ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടുകൊണ്ടുള്ള താക്കറെയുടെ നീക്കത്തെയും എന്‍സിപി എതിര്‍ത്തു. എല്‍ഗാര്‍ വിഷത്തില്‍ പോലീസ് സേനയെ ദുരുപയോഗം ചെയ്തുവെന്ന കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തണമെന്ന പവാറിന്റെ അഭിപ്രായത്തില്‍ ഉദ്ധവ് മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ എതിര്‍പ്പ് രൂക്ഷമായതോടെ വിശദീകരണവുമായി ഉദ്ധവ് രംഗത്തെത്തി. ഭീം കൊറേഗാവ്, എല്‍ഗാര്‍ പരിഷദ് കേസുകള്‍ രണ്ടാണ്. ഭീം കൊറേഗാവ് കേസ് കേന്ദ്രത്തിന് കൈമാറില്ല. എല്‍ഗാര്‍ പരിഷത്ത് കേസ് എന്‍ഐഎക്ക് കൈമാറുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും ഉദ്ധവ് പറഞ്ഞു. ഭീം കൊറേഗാവ് കേസ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കും. ദളിതരുമായി ബന്ധപ്പെട്ട വിഷയമാണിത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, 2017 ഡിസംബറില്‍ നടന്ന എല്‍ഗാര്‍ പരിഷദ് പരിപാടിയുടെ കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അന്ന് നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒന്‍പത് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന പ്രസംഗം രാജ്യവിരുദ്ധമായിരുന്നെന്നും അതാണ് ഭീം കൊറേഗാവ് കലാപത്തിന് വഴിതെളിച്ചതെന്നും പൂനെ പോലീസ് ആരോപിക്കുന്നു. ഇതില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ രണ്ടംഗ പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്ധവ് വ്യക്തമാക്കി.
എന്നാല്‍, എല്ഗാറിലും ഭീം കൊറേഗാവിലും പോലീസിനെ ദുരുപയോഗം ചെയ്തതാണ് അന്വേഷിക്കേണ്ടതെന്നാണ് പവാറിന്റെ പക്ഷം. എല്‍ഗാര്‍ കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തണമെന്ന പവാറിന്റെ ആവശ്യം ഉദ്ധവ് അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും എന്‍സിപി വക്താവ് നവാബ് മാലികും പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: