ന്യൂദല്‍ഹി: തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കള്ളവോട്ട്, ഇരട്ടവോട്ട് തുടങ്ങിയവയ്ക്ക് തടയിടുന്ന ചരിത്രപരമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ വോട്ടര്‍പട്ടിക കൂടുതല്‍ സുതാര്യമാകും.
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയം ഉടന്‍ കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനൊപ്പം കുടിയേറ്റക്കാര്‍ക്ക് അവര്‍ താമസിക്കുന്നിടത്ത് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുക്കുന്നതു കൂടിയാകും നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ യോഗത്തിലാണ് നിയമ വകുപ്പ് ഇക്കാര്യം അറിയിച്ചത്. 2005 മുതല്‍ വോട്ടര്‍പട്ടിക നവീകരണമെന്ന ആവശ്യം കമ്മീഷന് ഉന്നയിച്ചിരുന്നു. കമ്മീഷന് മുന്നോട്ടുവച്ച നാല്‍പ്പത് നിര്‍ദേശങ്ങള്‍ മന്ത്രാലയം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്നും ഓരോന്നിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങളിലാണെന്നും നിയമ സെക്രട്ടറി നാരായണ്‍ രാജു തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെ അറിയിച്ചു.
വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്ന മണ്ഡലത്തില്‍ മാത്രമാണ് ഇതുവരെ വോട്ടവകാശമുണ്ടായിരുന്നത്. ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതോടെ ഒരു വോട്ടിലധികം എവിടെയും ആര്‍ക്കും രേഖപ്പെടുത്താനാകില്ല. ഇതോടെ കുടിയേറ്റ തൊഴിലാളികളടക്കമുള്ളവര്‍ക്ക് രാജ്യത്തെവിടെ വേണമെങ്കിലും അവരുടെ വോട്ടവകാശം വിനിയോഗിക്കാം.
2015ല്‍ 32 കോടിയോളം ആധാര്‍ നമ്പറുകള്‍ തിരിച്ചറിയല്‍ കാര്‍ഡുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ബന്ധിപ്പിച്ചിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. നിയമഭേദഗതിക്ക് ശേഷം ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ആഗസ്തില്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: