ന്യൂദല്‍ഹി: സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്‍കണമെന്ന സുപ്രീംകോടതി വിധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിന് മറുപടിയുമായി ബിജെപി എംപി മീനാക്ഷി ലേഖി. വനിതകള്‍ക്ക് തുല്യനീതി നിഷേധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 2010ന് മുന്‍പ് ദല്‍ഹി ഹൈക്കോടതിയില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് സ്ഥിരം കമ്മീഷന് പദവി നല്‍കുന്നതിനെതിരെ ശക്തമായി വാദിച്ചതെന്ന് രാഹുല്‍ ഓര്‍ക്കണം. വനിതകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തതും താങ്കളുടെ സര്‍ക്കാരാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ ഇത്തരം പരാമര്‍ശത്തിന് താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല, അവര്‍ ചൂണ്ടിക്കാട്ടി.
മോശം വാക്കുപയോഗിച്ചാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതെന്ന് ലേഖി പറഞ്ഞു. സ്ഥിരം കമ്മീഷന് പദവി നല്‍കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലമായിരുന്നു. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അദ്ദേഹം ഇത് പ്രഖ്യാപിച്ചതാണ്. പുരുഷ ഉദ്യോഗസ്ഥരെപ്പോലെ തന്നെ വനിതകളും രാജ്യത്തെ സേവിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, വിവേചനം പാടില്ല, അവര്‍ വ്യക്തമാക്കി. മീനാക്ഷി ലേഖിയാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. സൗജന്യമായാണ് അവര്‍ വാദിച്ചത്.
രാഹുലിനെ പരിഹസിച്ച് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തി. വല്ലവരുടെയും വിവാഹത്തിന് അതുമായി ഒരുതരത്തിലും ബന്ധമില്ലാത്തയാള്‍ വളരെയധികം സന്തോഷിക്കുന്നത് എന്തിനാണെന്ന് അര്‍ത്ഥം വരുന്ന ഹിന്ദി പഴഞ്ചൊല്ല് രാഹുലിനെ സൂചിപ്പിക്കാന്‍ അവര്‍ ട്വീറ്റ് ചെയ്തു. ലിംഗനീതി ഉറപ്പാക്കാന്‍ സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നുവെന്നും നേരത്തെ മഹിളാമോര്‍ച്ച വിഷയം ഏറ്റെടുത്തതാണെന്നും സ്മൃതി ചൂണ്ടിക്കാട്ടി.
കോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഫീല്‍ഡ് ഓപ്പറേഷനുകളില്‍ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് പ്രതിരോധ മന്ത്രിയായിരിക്കെ നിര്‍മ്മല സീതാരാമന് വ്യക്തമാക്കിയതും ചൂണ്ടിക്കാട്ടി. മിലിറ്ററി പോലീസില്‍ വനിതകളെ ഉള്‍പ്പെടുത്താനും ആരംഭിച്ചു. 2016ന് മുന്‍പ് കരസേനയില്‍ 2.5 ശതമാനം മാത്രമാണ് വനിതകളുണ്ടായിരുന്നത്. ഈ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 3.89 ശതമാനമായി ഉയര്‍ന്നു. നാവികസേനയില്‍ 6.7 ശതമാനവും വ്യോമസേനയില്‍ 13.28 ശതമാനവും വനിതകളാണ്. സ്ത്രീ ശക്തി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.
വനിതകള്‍ക്ക് സ്ഥിരം കമ്മീഷന് പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകളെ അവഹേളിച്ചുവെന്നാരോപിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. കോടതിയില്‍ പോരാട്ടം നടത്തിയ വനിതാ ഉദ്യോഗസ്ഥര്‍ മീനാക്ഷി ലേഖിക്കൊപ്പം നില്ക്കുന്ന ചിത്രമുള്ള വാര്‍ത്തയാണ് രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതും. ഇത് സമൂഹമാധ്യമങ്ങളില്‍ പരിഹാസത്തിനും കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: