ആലപ്പുഴ: സംസ്ഥാനത്ത് ഭൂമിയുടെ തണ്ടപ്പേരും ഇനി ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതു സംബന്ധിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും, ആധാര്‍ അധിഷ്ഠിത യുണീക് തണ്ടപ്പേര് നടപ്പാക്കുന്നതിന് സോഫ്റ്റ്വെയറില് ഭൂവുടമകളുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നേരത്തേ ഇക്കാര്യം ലാന്‍ഡ് റവന്യുകമ്മീഷണര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ, എത്ര അളവില്‍ ഭൂമി സ്വന്തമായുണ്ടെന്ന് ഒറ്റ ക്ലിക്കില്‍ അറിയാം. അനധികൃതമായി ഭൂമി സ്വന്തമാക്കിയവരുടെ വിവരങ്ങളും മനസ്സിലാക്കാം. ബിനാമി ഭൂമി ഇടപാടുകള്‍ ഒരു പരിധി വരെ തടയാനുമാകും.
നേരത്തേ വാങ്ങുന്നവരുടെയും, വില്ക്കുന്നവരുടെയും ഫോട്ടോ ആധാരത്തില്‍ നിര്‍ബന്ധമാക്കിയതോടെ ഇത്തരം ഇടപാടുകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ സാധിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പരസ്യ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂമിയുടെ തണ്ടപ്പേര് പോലും ആധാര്‍ അധിഷ്ഠിതമാക്കാന്‍ നിര്‍ബന്ധിതരായി.
പട്ടയ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പേരിനെയാണ് ‘തണ്ടപ്പേര്’ എന്ന് വിളിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയ രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റര്‍ എന്നും വിളിക്കാറുണ്ട്.
ഒരു വസ്തു കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ വസ്തു വാങ്ങിയ ആള് വില്ലേജ് ഓഫീസില്‍ ചെന്ന് പട്ടയ രജിസ്റ്ററിലെ പേരില്‍ കൂട്ടേണ്ടതാണ്. പേരില്‍ കൂട്ടി (പോക്കുവരവ് ചെയ്യല്‍) വസ്തു കരം സ്വീകരിക്കുന്നതോടെ വാങ്ങിയ വസ്തുവിന്റെ പൂര്‍ണ്ണ അവകാശം അയാള്‍ക്ക് ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: