അടിമാലി: ഇടുക്കിയില്‍ കൈയേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്. കൊന്നത്തടി വില്ലേജില്‍ ഉള്‍പ്പെടുന്ന മുനിയറ കരിമല മലമുകളിലെ മുന്നൂറ്റി പതിനഞ്ച് ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ബോര്‍ഡ് സ്ഥാപിച്ച് ഭൂമി ഏറ്റെടുത്തത്. സ്വകാര്യ വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടവും റവന്യൂ വകുപ്പ് ഏറ്റെടുത്ത് സീല്‍ ചെയ്തു.
ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ ബ്ലോക്ക് നമ്പര്‍ ഇരുപത്തിയൊമ്പതില്‍പ്പെട്ട സര്‍വെ നമ്പര്‍ 1/1, 177/1 ല്‍പ്പെട്ട 315 ഏക്കര്‍ പാറക്കെട്ടായ ഭൂമിയാണ് മാഫിയ സംഘം കൈയേറിയത്. ഇതില്‍ 191 ഏക്കര്‍ സ്ഥലം രാജാക്കാട് സ്വദേശി ജിമ്മിയുടെ നേതൃത്വത്തില്‍ കൈയേറുകയായിരുന്നു. മുപ്പത്തിമൂന്നു പേര് ചേര്‍ന്ന് ഈ ഭൂമി പ്ലോട്ടുകളായി തിരിച്ച് സ്വന്തമാക്കി. രാജക്കാട് സ്ലീവ പള്ളി സ്ഥാപിച്ച കുരിശിന്റെ മറവിലാണ് കൈയേറ്റം ഊര്‍ജിതമായത്. ജിമ്മി ഭൂമി വാങ്ങിയതിനു ശേഷം മലമുകളിലേക്ക് കോണ്‍ക്രീറ്റ് റോഡും റിസോര്‍ട്ടിനു സമാനമായ വന്‍ കെട്ടിടവും സ്ഥാപിച്ചു. കൊന്നത്തടി പഞ്ചായത്തില്‍ നിന്ന് അനധികൃതമായി വീട്ടുനമ്പര്‍ വാങ്ങി ലൈന്‍ വലിച്ച് വൈദ്യുതിയും സംഘടിപ്പിച്ചു. വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി അടച്ചതോടെ പരാതിയുമായി പ്രദേശവാസികള്‍ രംഗത്തുവന്നു.
തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തില്‍ 1977ന് മുമ്പ് പാറ പുറമ്പോക്കായി തിരിച്ചിട്ടിരുന്ന ഭൂമിയാണിതെന്ന് ബോധ്യപ്പെട്ടു. എന്നാല്‍, 2018ല്‍ ജിമ്മി ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍വെ ഡയറക്ടറുടെ അന്വേഷണത്തില്‍ പാറ പുറമ്പോക്ക് തന്നെയെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കൊന്നത്തടി വില്ലേജ് ഓഫീസര്‍ എം.ബി. ഗോപാലകൃഷ്ണന് നായര്‍ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ ഭൂമി കൈയേറി അനധികൃത കെട്ടിടം നിര്‍മിച്ചതടക്കം വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പൊന്മുടി ഡാമിന്റെ അതീവ സുരക്ഷ മേഖലയില്‍പ്പെടുന്ന നാടുകാണിപ്പാറ കൈയേറി പന്നിയാര്‍കുട്ടി പള്ളി അധികൃതര്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ചിരുന്ന കപ്പേള കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഏതാനുംമാസം മുമ്പ് പള്ളി അധികൃതര്‍ തന്നെ പൊളിച്ചുനീക്കിയിരുന്നു. കളക്ടറുടെ സ്റ്റോപ്പ് മേമ്മോ പോലും അവഗണിച്ചായിരുന്നു നിര്‍മാണം. വൈദ്യുതി വകുപ്പിന്റെ മൗനാനുവാദത്തോടെ അതുവഴി കടന്നു പോകുന്ന ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്താണ് നിര്‍മാണം നടത്തിയിരുന്നത്.
ഇപ്പോള്‍ കരിമലയില്‍ പിടിച്ചെടുത്ത ഭൂമി അളന്നു തിരിച്ച് വേലി കെട്ടി സംരക്ഷിച്ച് ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കും. കൈയേറ്റം നടത്തിയവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: