കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ സംഗീതമേള നടത്തി, പണം പിരിച്ച് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പങ്ക് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. ഇക്കാര്യത്തില്‍ കളക്ടറെ കുറ്റവിമുക്തനാക്കാന്‍ സാധിക്കില്ല. പണം അടയ്ക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എറണാകുളം ജില്ലാ കളക്ടര്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്ക് വിട്ടുനില്‍ക്കാന്‍ സാധിക്കില്ല. കളക്ടറെ കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊച്ചി മ്യൂസിക് ഫൗണ്ടേഷന് കരുണ എന്ന പേരില്‍ നടത്തിയ ലൈവ് സംഗീത മേളയ്ക്ക് സ്റ്റേഡിയം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാജിവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പരിപാടി നടത്താനുള്ള അനുമതി മാത്രമാണ് ആവശ്യപ്പെട്ടത്. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചു. റീജ്യണല്‍ സ്പോര്‍ട്സ് സെന്ററുമായി ചേര്‍ന്നാണോ പരിപാടി നടത്തിയതെന്ന് അതിന്റെ ചെയര്‍മാനും കെഎംഎഫ് കരുണയുടെ രക്ഷാധികാരികളില്‍ ഒരാളുമായ കളക്ടര്‍ വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ പണം പിരിച്ച് മുഖ്യമന്ത്രിയുടെ പേര് സംഘാടകര്‍ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ഒരു ജനപ്രതിനിധി നല്കിയ പരാതി മുഖ്യമന്ത്രി ഗൗരവമായി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ആര്‍ദ്രത മുതലെടുത്ത് സൗജന്യം കൈപ്പറ്റുകയും എന്നിട്ട് സ്പോണ്‍സര്‍മാരില്ലാതെ പരിപാടി നടത്തിയെന്നാണ് പറയുകയുമാണ് സംഘാടകര്‍. അതുകൊണ്ട് തന്നെ പ്രളയദുരിതാശ്വാസത്തിനെന്ന പേരില്‍ നടത്തിയ സംഗീത പരിപാടിയുടെ കണക്ക് സംഘാടകര്‍ പുറത്തുവിടണം. ആറേകാല്‍ ലക്ഷം രൂപയാണ് ആകെ കൈപ്പറ്റിയതെന്നാണ് സംഘാടകര്‍ പറയുന്നത്.
പരിപാടി നടന്ന നാലിന് ഫൗണ്ടേഷന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി പ്രതിക്ഷിച്ചതിലും വിജയമായിരുന്നു എന്ന് പറഞ്ഞവര്‍ ഇന്നലെ പരിപാടി പരാജയമായിരുന്നു പണം കിട്ടിയില്ലെന്ന് പറയുന്നു. ഇത് വിശ്വാസയോഗ്യമല്ല. ആരെ പറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ബിജിബാലും ഷഹബാസ് അമനും മാത്രം വിശദീകരണം നല്‍കുന്നത് എന്തുകൊണ്ടാണെന്നും ആകാശത്തിന് കീഴിലെ എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്ന റിമ കല്ലിങ്കലും ആഷിഖ് അബുവും എന്തുകൊണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം റയുന്നില്ലെന്നും സന്ദീപ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: