തിരുവനന്തപുരം: ചക്ക രോഗശമനത്തിന് ഉപകരിക്കില്ലെന്ന പ്രചാരണവുമായി ഇറങ്ങിത്തിരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പോഷക സംഘടനയായ ക്യാപ്സ്യൂളും ഗവണ്‍മെന്റ് ആയൂർവേദ ഡോക്ടർമാരുടെ സംഘടനയും മാപ്പുപറയണമെന്ന് വൈദ്യമഹാസഭ ആവശ്യപ്പെട്ടു. കാൻസർ രോഗികൾ പച്ചചക്ക കഴിക്കുന്നതും ഉണക്കിയചക്ക കഴിക്കുന്നതും രോഗശമനത്തിന് വഴി തെളിക്കുന്നതായി വൈദ്യമഹാസഭയും അതിന്റെ പ്രവർത്തകരും പ്രചാരണം നടത്തിയിരുന്നു. ജാക്ക് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ (JPC) ആഭിമുഖ്യത്തിൽ ചക്കയുടെ പ്രാധാന്യവും ഔഷധഗുണങ്ങളും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ചക്കമഹോത്സവങ്ങളും സെമിനാറുകളും ചക്കവണ്ടി പ്രചാരണ യാത്രയും നടത്തിയിട്ടുണ്ട്.
വൈദ്യമഹാസഭയ്‌ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പോഷകസംഘടനയായ ക്യാപ്സ്യൂൾ കഴിഞ്ഞവർഷം രംഗത്തുവന്നിരുന്നു. സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഷർമദ്ഖാന്റെയും ആർസിസിയിലെ ഡോ. നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള ഡോക്ടർ സംഘം ഐഎംഎ തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് ശില്പശാല സംഘടിപ്പിച്ചു. രോഗശമനം ഉണ്ടാകുമെന്ന പ്രചാരണം വന്നതോടെ അലോപ്പതിചികിത്സ മതിയാക്കി പോയ രോഗികളിൽ 80 ശതമാനത്തോളം തിരികെയെത്തിയെന്നാണ്.
ശില്പശാലയിൽ പാലക്കാട് നിന്നെത്തിയ ഡോക്ടറാണ് വിഷയം അവതരിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര അലോപ്പതി ആശുപത്രിയും സാധാരണ അലോപ്പതി ആശുപത്രികളും ഉള്ള നാടാണ് തിരുവനന്തപുരം. ചക്കക്കെതിരേ പ്രസംഗിക്കാൻ തിരുവനന്തപുരത്ത് ആളെ കിട്ടാതെ വന്നതിനാൽ പാലക്കാടുനിന്ന് ഡോക്ടറെ വരുത്തിയാണ് ചക്ക കഴിച്ചാൽ പ്രമേഹരോഗികൾക്ക് ഒരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് ശില്പശാലയിൽ വിഷയം അവതരിപ്പിച്ചത്. ഇപ്പോഴിതാ പച്ചചക്ക കഴിച്ചാൽ കീമോതെറാപ്പി നടത്തിയ കാൻസർ രോഗികൾക്ക് വേദനക്ക് ആശ്വാസ മുണ്ടാക്കുന്നതായും പ്രമേഹബാധിതർക്ക് രോഗം കുറയ്‌ക്കുന്നതായും ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
രോഗികൾ ചക്ക കഴിച്ച് സ്വന്തം അനുഭവത്തിലൂടെയാണ് വിവരം പുറത്തുവിട്ടത്. ആ സമയം പുഛിച്ചു തള്ളുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉപസംഘടനയായ ക്യാപ്സ്യൂൾ മേധാവികൾ ചെയ്തത്. ശാസ്ത്രീയ വിലയിരുത്തൽ ഫലം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ കാർഷിക ഉത്പന്നമായ ചക്കയെക്കുറിച്ച് കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച ഡോ. നന്ദകുമാർ കേരളത്തിലെ കർഷക സമൂഹത്തോട് മാപ്പുപറയാൻ തയാറാകണം. ജൈവകൃഷിക്കായും കീടനാശിനി രഹിത ഭക്ഷ്യ ഉത്പന്ന പ്രചാരണത്തിനായും പ്രവർത്തനം നടത്തുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ വിഷയത്തിൽ പ്രതികരിക്കണം.
കീടനാശിനി പ്രയോഗിക്കാതെ വീട്ടുപറമ്പുകളിൽ വളർത്തുന്ന/വളരുന്ന കാർഷിക വിളകളിൽ തെങ്ങു കഴിഞ്ഞാൽ അടുത്ത സ്ഥാനം പ്ലാവിനാണ്. ചക്ക ഭക്ഷണമായും മൂല്യവർധിത ഉത്പന്നമായും വൻതോതിൽ ഉപയോഗിക്കുന്നു. ഭക്ഷണം തന്നെയാണ് മരുന്നെന്നും ഭക്ഷണം കഴിച്ചുതന്നെ രോഗം മാറ്റാമെന്നും പറയുന്നതാണ് ആയൂർവേദ/പ്രകൃതി ചികിത്സയുടെ അടിസ്ഥാനം. ഈ അടിസ്ഥാന വിഷയം ബിഎഎംഎസ് സിലബസിൽ ഇല്ലാത്തതിനാൽ സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റ് ഡോ. ഷർമദ്ഖാന് ഇക്കാര്യം പഠിക്കാൻ കഴിഞ്ഞില്ല. സിലബസിൽ ഉൾപ്പെടുത്താത്തതെല്ലാം വ്യാജമാണെന്ന് ആയൂർവേദ കോളജിൽ നിന്നു പഠിച്ചിറങ്ങിയ ഡോക്ടർമാർ പ്രചരിപ്പിക്കുന്നു. ഇക്കൂട്ടത്തിൽ ഒരാണ് ഡോ. ഷർമദ്ഖാൻ. സിലബസിൽ ഉൾപ്പെടുത്താത്ത ആയൂർവേദ മരുന്നുകളെല്ലാം വ്യാജമാണെന്ന് പഠിച്ചു വച്ചിരിക്കുന്നതിനാലാണ് ബിഎഎംഎസ് സിലബസിലില്ലാത്ത പരമ്പരാഗത മരുന്നുകളെയെല്ലാം സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടന വ്യാജമരുന്നുകളുടെ പട്ടികയിൽപെടുത്തി പ്രചാരണം നടത്തുന്നതും എതിർത്തു പോരുന്നതും.
കേരളത്തിലെ വൈദ്യന്മാരെ പിടികൂടുന്നതിന് അലോപ്പതി ഡോക്ടർമാർക്കൊപ്പം പ്രവർത്തിച്ചതിന്റെ പേരിൽ കേരളത്തിലെ മികച്ച സർക്കാർ ആയൂർവേദ ഡോക്ടർക്കുള്ള അവാർഡ് നേടിയ ആളാണ് ഡോ. ഷർമദ്ഖാൻ. (ഇത് വൈദ്യമഹാസഭയുടെ ആരോപണമല്ല. ഡോ. ഷർമദ്ഖാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നതാണ്). ഭക്ഷണം തന്നെയാണ് മരുന്ന് എന്നും തമ്മിൽ യോജിപ്പുള്ള ഭക്ഷണം മാത്രമേ ഒരേസമയം കഴിക്കാവൂ എന്നു പറയുന്നതാണ് ആയൂർവേദത്തിലെ പഥ്യം അനുശാസിക്കുന്ന അടിസ്ഥാന തത്വം. പഥ്യം നോക്കാൻ പറഞ്ഞാൽ രോഗികളെ കിട്ടാതെ വരുന്നു. അതിനാൽ ആയൂർവേദം കഴിച്ചാൽ പഥ്യം നോക്കേണ്ടെന്ന് ആയൂർവേദ ഡോക്ടർമാർ പ്രചരിപ്പിക്കുന്നു. ഇത് കൊടിയ വഞ്ചനയാണ്. ആയൂർവേദ മരുന്നു കഴിക്കാനെത്തുന്നവരെ കുഴിയിൽ ചാടിക്കലാണ്. പഥ്യം നോക്കാതെ മരുന്ന് കഴിച്ചാൽ വിപരീത ഫലം മാത്രമേ ഉണ്ടാകുകയുള്ളൂ.
പഥ്യം സംബന്ധിച്ച് ശാസ്ത്രീയമായ വിലയിരുത്തലുകൾ ഇനിയെന്നെങ്കിലും പുറത്തുവരും അപ്പോൾ സർക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയും സ്വകാര്യ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയും ജനങ്ങളുടെ മുന്നിൽ മാപ്പുപറയേണ്ടി വരുമെന്ന കാര്യംകൂടി വൈദ്യമഹാസഭ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: