കൊച്ചി: എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായ രാധേയം ഗസ്റ്റ്ഹൗസ് ഗുരുവായൂര്‍ തെക്കേ നടയിലെ കാരക്കാട്ട് റോഡില്‍ 31ന് സമര്‍പ്പിക്കും. രാവിലെ 10ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനാകുമെന്ന് കരയോഗം പ്രസിഡന്റ് കെ.പി. കൃഷ്ണ മേനോന്‍, ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ച് ദര്‍ശനം നടത്തുന്നതിനും വിവാഹം, ചോറൂണ്, തുടങ്ങിയവയ്‌ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിട്ടുണ്ട്.
36000 സ്‌ക്വയര്‍ ഫീറ്റില്‍ 36 എസി മുറികളുള്ള ഗസ്റ്റ് ഹൗസിന്റെ ചെലവ് 20 കോടിയാണ്. എല്‍സിഡി ടിവി, വൈഫൈ, ടെലഫോണ്‍, ചൂട് വെള്ളം, ലിഫ്റ്റ്, കാര്‍ പാര്‍ക്കിങ് തുടങ്ങീ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെയും വൈകിട്ട് ആറ് മുതല്‍ രാത്രി ഒമ്പത് വരെയും ക്ഷേത്ര ദര്‍ശനത്തിനായി ഗസ്റ്റ് ഹൗസില്‍ നിന്ന് ക്ഷേത്രത്തിലേയ്‌ക്ക് യാത്രാ സൗകര്യവും ഉണ്ടാകും. ചുരുങ്ങിയ ചെലവില്‍ ഭക്തജനങ്ങളെ തൃപ്തി പെടുത്തുന്ന സേവനമാണ് ഒരുക്കിയിട്ടുള്ളതെന്നും പി. രാമചന്ദ്രന്‍ വ്യക്തമാക്കി.
ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ മുഖ്യപ്രഭാഷണം നടത്തും. ടി.എന്‍. പ്രതാപന്‍ എംപി, കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ, സുപ്രീം കോടതി മുന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ചേന്നാസ് പി.സി. ദിനേശന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
















