ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇടതുമുന്നണി ഇന്ന് നടത്തുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതി ദുരുപയോഗം ചെയ്യുന്നതായി പരാതി. കേന്ദ്ര സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റെ പണം വിനിയോഗിച്ചുള്ള പദ്ധതി ദുരുപയോഗം ചെയ്യുന്നെന്നാണ് ആരോപണം.
ആലപ്പുഴ ജില്ലയില്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ദേശീയപാതയോരം ശുചീകരിക്കാനാണ് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ചത്. ഇന്നത്തെ മനുഷ്യച്ചങ്ങലയ്‌ക്ക് മുന്നോടിയായിരുന്നു ശുചീകരണം. ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനമാണ് ഇടതുപക്ഷം ദുരുപയോഗം ചെയ്തത്.
മൂല്യവര്‍ദ്ധിത പ്രവൃത്തികള്‍, ജലസംരക്ഷണം തുടങ്ങിയവ മാത്രമെ തൊഴിലുറപ്പ് മുഖേന നടപ്പാക്കാവൂയെന്ന നിര്‍ദേശമുള്ളപ്പോഴാണിത്. ദേശീയപാതയോരത്തെ കുറ്റിക്കാടുകളും മറ്റും വെട്ടി നീക്കാന്‍ തൊഴിലാളികളെ നിയോഗിച്ചത് ഭരണസ്വാധീനം ഉപയോഗിച്ചാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് സിപിഎം മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട് വാര്‍ഡ് അടിസ്ഥാനത്തില്‍ യോഗങ്ങള്‍ വിളിച്ചിരുന്നു.
തൊഴിലാളികള്‍ ജോലിക്കായി സ്ഥലത്തെത്തി ഒപ്പിട്ട ശേഷമാണ് യോഗം വിളിച്ചു ചേര്‍ത്തത്. രണ്ട് മണിക്കൂറായിരുന്നു പലയിടത്തും യോഗം. തൊഴിലാളികള്‍ ഒപ്പിട്ടതിനാല്‍ അവര്‍ക്ക് വേതനത്തില്‍ കുറവുണ്ടാകില്ല. പണിയെടുക്കുന്നതായാണ് രേഖകളിലുണ്ടാകുക.
കുടുംബശ്രീ അംഗങ്ങളെയും ഇടതുപക്ഷം ഭീഷണിപ്പെടുത്തിയാണ് ചങ്ങലയില്‍ കണ്ണികളാക്കുന്നത്. പങ്കെടുക്കാത്തവര്‍ക്ക് പിഴ ഉള്‍പ്പടെയുള്ള ഭീഷണി പലയിടത്തുമുണ്ട്. ചങ്ങല വിജയിപ്പിക്കാന്‍ മുസ്ലീം തീവ്രവാദ സംഘടനകളും ദിവസങ്ങളായി രംഗത്തുണ്ട്.
പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം കണ്ണികളാകാന്‍ തീവ്രവാദ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തിന്റെ നിര്‍ദേശമുള്ളതായാണ് വിവരം. മാധ്യമ ശ്രദ്ധ ലഭിക്കുന്ന പ്രദേശങ്ങളിലെല്ലാം മത ചിഹ്നമണിഞ്ഞ് എത്താനാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.
















