കൊല്ലം: കട്ടമരം മറിഞ്ഞ് പരവൂര്‍ സ്വദേശി മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ ഖദീജ മന്‍സിലില്‍ നൗഷാദ് ജമാലുദ്ദീന്‍ (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കൊല്ലം ബീച്ചില്‍നിന്ന് കട്ടമരത്തില്‍ മത്സ്യബന്ധനത്തിന് പോയ നൗഷാദിന്റെ കട്ടമരവും വലയും രാവിലെ ഏഴോടെ ഇരവിപുരം ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരയ്‌ക്കടിഞ്ഞു.
നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം നീണ്ടകര കോസ്റ്റല്‍ പൊലീസ് നേതൃത്വത്തില്‍ യോദ്ധ ബോട്ടില്‍ കടലില്‍ വ്യാപക തെരച്ചില്‍ നടത്തി. രാവിലെ പത്ത് മണിയോടെ ഇരവിപുരം കാക്കത്തോപ്പ് പള്ളിക്ക് തെക്കുഭാഗത്ത് കടലില്‍ നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്.
ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
















