മലപ്പുറം: ചെറുകുന്ന് പട്ടികജാതി കോളനിയില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലായെങ്കില്‍ പകരം സംവിധാനമൊരുക്കാന്‍ സജ്ജമാണെന്ന് സേവാഭാരതി. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയില്‍ വെള്ളം ലഭിക്കാന്‍ സേവാഭാരതി താല്‍ക്കാലിക സംവിധാനം ഒരുക്കിയിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സേവാപ്രമുഖ് അ.വിനോദ് അടക്കമുളളവര്‍ ചെറുകുന്ന കോളനി സന്ദര്‍ശിച്ചിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ ചെറുകുന്ന് പട്ടികജാതി കോളനിയിലെ പത്തോളം കുടുബങ്ങളെ സ്വകാര്യ വ്യക്തി തന്റെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നത് തടഞ്ഞിരുന്നു. മറ്റു ചിലരുടെ നിര്‍ബന്ധപ്രകാരമാണ് വെള്ളം എടുക്കുന്നതില്‍ നിന്നും വിലക്കിയത് എന്ന് ഇയാള്‍ വ്യക്തമാക്കി. പത്തോളം കുടുംബങ്ങള്‍ക്ക് ഇതോടെ കുടിവെള്ളം ലഭിക്കാതെയായി. സേവാഭാരതിയാണ് കഴിഞ്ഞ നാലു ദിവസങ്ങളില്‍ കോളനി നിവാസികള്‍ക്ക് വെള്ളം ലഭ്യമാക്കിയത്.
വെള്ളം നിഷേധിച്ചത് കുടുംബ വഴക്കിന്റെ പേരിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയം ശ്രദ്ധയില്‍ കൊണ്ടുവന്ന ശോഭ കരന്തലജെ എംപിക്ക് എതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നപേരില്‍ കേസും എടുത്തിരുന്നു. എന്നാല്‍ വെള്ളം നിഷേധിച്ചത് പൗരത്വ പ്രശ്നത്തിന്റെ പേരില്‍ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ചെറുകുന്ന് പട്ടികജാതികോളനി നിവാസികള്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ ഒരു ഭാഗം മാത്രമാണ് കാണിച്ചതെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
















