കോഴിക്കോട്: റിപ്പബ്ലിക്ക് ദിനത്തില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ള എല്ലാ മുസ്ലീം പള്ളികളിലും പതാക ഉയര്‍ത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും നിര്‍ദേശം. ലത്തീന്‍ സഭയുടെ പള്ളികളില്‍ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയും ആഹ്വാനം ചെയ്തു.
സംസ്ഥാന വഖഫ് ബോര്‍ഡാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തില്‍ സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ദേശീയ ദിനങ്ങളില്‍ പതാക ഉയര്‍ത്താറുണ്ടെങ്കിലും പള്ളികളിലും ക്ഷേത്രങ്ങളിലും ഇത് ചെയ്യാറില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമം പാസാക്കിയതോടെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോര്‍ഡ്.
















