തൃശൂര്‍: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും പ്രതിപക്ഷ പാര്‍ട്ടികള്‍ അനാവശ്യമായി ആക്രമിക്കുകയാണെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരന് പദ്മശ്രീ എസ്.എല്‍. ഭൈരപ്പ. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയ അദ്ദേഹം ‘ജന്മഭൂമി’യോട് സംസാരിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്.
2024ലെ തെരഞ്ഞെടുപ്പ് മനസില്‍ കണ്ടുകൊണ്ടാണ് അവര്‍ വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്. ആദര്‍ശപരമായ പരിവേഷം ഇക്കാര്യത്തില്‍ അവര്‍ക്കില്ല. മോദിക്കെതിരെയുള്ള അവസരമായി കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കുടുംബവാഴ്ചയാണ് നടക്കുന്നത്. കേന്ദ്രത്തിലെ കുടുംബവാഴ്ചയ്ക്ക് അവസാനമിട്ടത് നരേന്ദ്രമോദിയാണ്. രാജ്യത്തിന്റെ ഭാവി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രശ്നമല്ല. അവര്‍ക്കെല്ലാം വേണ്ടത് അധികാരമാണ്. മോദിയെ എതിര്‍ക്കുന്നതും ഇവരൊന്നിക്കുന്നതും അധികാരത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ ഭാവിയില്ലെന്നും ഭൈരപ്പ പറഞ്ഞു.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കണമെന്ന് എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിര്‍ബന്ധം പിടിക്കുന്നത്?. പൗരത്വ നിയമത്തിന്റെ രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് യാതൊരു പ്രശ്നവുമുണ്ടാകില്ല. ഭാരതത്തിലെ ഹിന്ദുക്കള്‍ എക്കാലത്തും മതേതര കാഴ്ചപ്പാടുള്ളവരായിരുന്നു. ജെഎന്‍യു ഉള്‍പ്പെടെ എല്ലാ സര്‍വകലാശാലകളിലും ഇടത് വിദ്യാര്‍ഥികളാണ് സമരത്തില്‍ ഏര്‍പ്പെടുന്നത്. എഴുത്തുകാരില്‍ ഇടതു-വലതുപക്ഷം എന്നിങ്ങനെ വേര്‍തിരിവുണ്ടാകാന്‍ പാടില്ല.
കേരള സാഹിത്യ അക്കാദമിയുടെ 63-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എഴുത്തും കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എസ്.എല്‍ ഭൈരപ്പ ഉദ്ഘാടനം ചെയ്തു. മഹാഭാരതത്തെ അടിസ്ഥാനമാക്കി അദ്ദേഹം രചിച്ച ‘പര്‍വ്വം’ എന്ന നോവലിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. കന്നടയില്‍ നിന്ന് 23 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കണ്ണൂര്‍ സ്വദേശി സുധാകരന് രാമന്തളിയാണ് മലയാളത്തിലേക്ക് നോവല്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്.
89 കാരനായ എസ്.എല്‍. ഭൈരപ്പ രണ്ട് തവണ കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും സരസ്വതി സമ്മാനും കാളിദാസ് സമ്മാനവും നേടിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചിട്ടുണ്ട്.
















