തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് വരുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകുന്നതാണ് പ്രതിഷേധക്കാര്‍ക്ക് നല്ലതെന്നും അതുവരെയുള്ള പ്രതിപക്ഷത്തിന്റെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം നല്‍കിയ സാഹചര്യത്തില്‍ തെരുവിലെ പ്രക്ഷോഭ പ്രഹസനം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറാകണം. നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഒരിടക്കാല ഉത്തരവ് ഇറക്കാന്‍ സുപ്രീംകോടതി തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതായത്, സുപ്രീം കോടതിയുടെ തീര്‍പ്പു വരാന്‍ കാത്തിരിക്കുന്നതാണ് പ്രതിഷേധക്കാര്‍ക്ക് നല്ലതെന്ന് ചുരുക്കം!
















