ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിയവരാണ് നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നുണകളും ആശങ്കകളും പ്രചരിപ്പിക്കുകയാണ് അവരുടെ ഇപ്പോഴത്തെ ജോലിയെന്നും മോദി പരിഹസിച്ചു. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ജെ.പി. നദ്ദയെ അനുമോദിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ നയങ്ങളും തത്വങ്ങളും ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. ജനങ്ങള്‍ വീണ്ടും നമ്മെ തെരഞ്ഞെടുക്കുന്നതാണ് അവരുടെ ഇഷ്ടക്കേടിന്റെ പ്രധാന കാരണം. നുണകളും ആശങ്കകളും പ്രചരിപ്പിക്കുന്ന ആ സംഘം എക്കാലവും ബിജെപിക്കെതിരാണെന്നും മോദി പറഞ്ഞു.
നദ്ദയുടെ നേതൃത്വത്തില്‍ ബിജെപി കൂടുതല്‍ ഉയരങ്ങളിലെത്തിച്ചേരുമെന്ന് പ്രധാനമന്ത്രി ആശംസിച്ചു. നദ്ദയില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. ഏറെ ദൈര്‍ഘ്യമുള്ള ബന്ധമാണ് അദ്ദേഹവുമായിട്ടുള്ളത്. തന്റെ കടമകളും ഉത്തരവാദിത്വവും കഴിവിന്റെ പരമാവധി നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയാന്‍ ആശംസിക്കുന്നു. ബിജെപി അതിന്റെ നയങ്ങളിലും അടിസ്ഥാനതത്വങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അനുസൃതമായി മുന്നോട്ട് തന്നെപോകും. പ്രതിപക്ഷത്തിരുന്നപ്പോള്‍ നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഭരണപക്ഷത്തിരിക്കുമ്പോള്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ നാം നേരിടേണ്ടിവരുന്നെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ദേശീയ അധ്യക്ഷ സ്ഥാനത്തിരുന്ന് അമിത് ഷാ കാഴ്ചവച്ച മികവിനെയും മോദി പ്രശംസിച്ചു.
















