സെന്റ്ജോര്‍ജ്സ് (ഗ്രാനഡ): ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനെ അയര്‍ലന്‍ഡ് അട്ടിമറിച്ചു. മൂന്ന് മത്സരങ്ങളുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിനാണ് അയര്‍ലന്‍ഡ് വിന്‍ഡീസിനെ തോല്‍പ്പിച്ചത്.
ഓപ്പണര്‍ പോള്‍ സ്റ്റര്ലങ്ങിന്റെ മിന്നുന്ന ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 208 റണ്‍സ് അടിച്ചെടുത്തു. പോള്‍ 95 റണ്‍സ് നേടി. ടി 20 യില്‍ ഈ ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് അനായാസം വിജയത്തിലേക്ക് നീങ്ങിയതാണ്. പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ നൂറ് റണ്‍സ് തികച്ചു. പക്ഷെ അവസാന ഓവറില്‍ കളി മാറി.
അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ 15 റണ്‍സ് വേണമായിരുന്നു. പക്ഷെ അയര്‍ലന്‍ഡ് ഓള് റൗണ്ടര്‍ ജോഷ് ലിറ്റില്‍ അപകടകാരിയായ ഡ്വെയ്്ന് ബ്രാവോയൂടേതുള്പ്പെടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ വിന്‍ഡീസ് തോറ്റു. ഏഴു വിക്കറ്റിന് 204 റണ്‍സേ നേടാനായുള്ളൂ.
ടി 20 യില്‍ ഇത് രണ്ടാം തവണയാണ് അയര്‍ലന്‍ഡ് വിന്‍ഡീസിനെ തോല്‍പ്പിക്കുന്നത്. നേരത്തെ അയര്‍ലന്‍ഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര വിന്‍ഡീസ് 3-0ന് തൂത്തുവാരിയിരുന്നു.
വിന്‍ഡീസിനായി ഓപ്പണര്‍ ഇവിന്‍ ലൂയിസ് 28 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്തു. ആറു ഫോറും മൂന്ന് സിക്സറും അടിച്ചു. ടി 20 യില്‍ ലൂയിസിന്റെ ആറാം അര്‍ധ സെഞ്ചുറിയാണിത്്. ക്യാപ്റ്റന്‍ കീരോണ്‍ പൊള്ളാര്‍ഡ് 15 പന്തില്‍ 31 റണ്‍സ് എടുത്തു.രണ്ടാം മത്സരം ശനിയാഴ്ച സെന്റ് കിറ്റ്സില്‍ നടക്കും. അവസാന മത്സരം ഞായറാഴ്ചയാണ് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: