യുണൈറ്റഡ് നേഷന്‍സ് : കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇടം ഇതല്ലെന്ന് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ രക്ഷാ സമിതി. യുഎന്‍ സ്ഥിരാംഗമായ ചൈനയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയ്‌ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. വിഷയം ഇവിടെയല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് മറ്റ് അംഗരാഷ്‌ട്രങ്ങള്‍ ചൈനയെ അറിയിച്ചതായി ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയെന്നും, സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലാക്കിയെന്നും ആരോപിച്ച് ചൈന മുഖാന്തിരം പാക്കിസ്ഥാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ചര്‍ച്ചകളില്‍ പാക്കിസ്ഥാനും ഇന്ത്യയും പങ്കെടുത്തിരുന്നില്ല. അടഞ്ഞ വാതില്‍ ചര്‍ച്ചകളില്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരം അംഗങ്ങളെ മാത്രമേ ക്ഷണിക്കാറുള്ളു.
അതേസമയം കശ്മീര്‍ സംബന്ധിച്ച് രക്ഷാസമിതി യോഗത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്ന് യൂറോപ്യന്‍ പ്രതിനിധി പ്രതികരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ വളരെ കുറച്ച് ചര്‍ച്ചകള്‍ മാത്രമാണു നടന്നത്. പിന്നാലെ കശ്മീര്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ മറ്റ് അംഗങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മറ്റൊരു ഉന്നത യൂറോപ്യന്‍ പ്രതിനിധി യുഎന്നിനെ അറിയിച്ചത്.
വിഷയം യുഎന്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെന്ന വിധത്തിലാണു ചൈനീസ് അംബാസഡറും യോഗത്തിനുശേഷം പ്രതികരിച്ചത്. അഞ്ചു മാസത്തിനിടെ ഇതു രണ്ടാം തവണയാണു കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസ്ഡ് ഡോര്‍ യോഗം ചേരുന്നത്. കശ്മീര്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ആഗസ്തില്‍ നടന്ന ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം. യുഎസ്, ഫ്രാന്‍സ്, റഷ്യ, യുകെ എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍.
















