സിഡ്‌നി: കാട്ടുതീയും കടുത്ത വരള്‍ച്ചയും മൂലം ഏറെ ബുദ്ധിമുട്ടുന്ന ഓസ്‌ട്രേലിയയില്‍ ഒട്ടകങ്ങളെ കൂട്ടമായി വധിക്കുന്നു. അഞ്ചുദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ കൊന്നൊടുക്കിയത് 5000 ഒട്ടകങ്ങളെയാണ്. ഒട്ടകങ്ങളുടെ അമിതമായ വെള്ളം കുടി ജനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചതോടെയാണ് ഇവയെ വെടിവെച്ചുകൊല്ലാനുള്ള തീരുമാനത്തിലേക്ക് അധികൃതരെത്തിയത്.
ഹെലികോപ്റ്ററുകളില്‍ നിന്ന് വിദഗ്ധരെ ഉപയോഗിച്ചാണ് വെടിവച്ചുകൊല്ലുന്നത്. ഒട്ടക ശല്യം രൂക്ഷമായ വരള്‍ച്ചാ ബാധിത പ്രദേശത്തേക്ക് പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഹെലികോപ്ടറിലെത്തിയാണ് ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊന്നത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. നിയന്ത്രിതമായാണെങ്കിലും ഒട്ടകങ്ങളെ കൊല്ലുന്നതിലെ മൃഗസ്‌നേഹികളുടെ എതിര്‍പ്പ് തടയാനാണ് പ്രചാരണം. ഓസ്‌ട്രേലിയയില്‍ ആകെ 10 ലക്ഷത്തോളം ഒട്ടകങ്ങളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.
കടുത്ത വരള്‍ച്ചയിലും അഗ്നിബാധമൂലമുയര്‍ന്ന താപനിലയിലും ധാരളം മൃഗങ്ങള്‍ ചത്തൊടുങ്ങി. എന്നാല്‍, ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒട്ടകങ്ങള്‍ക്ക് കാര്യമായ ജീവനാഹിയുണ്ടായില്ല. ഇരുപത്തിമുവ്വായിരം വനവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് വരള്‍ച്ച അതിരൂക്ഷമാണ്. വാസസ്ഥലങ്ങളിലേക്ക് വെള്ളം തേടിയെത്തിയ ഒട്ടകങ്ങള്‍ വീടുകള്‍ക്കും കൃഷികള്‍ക്കും മറ്റും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.
എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചതായി എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തരുടെ ആശങ്കകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഈ പ്രദേശത്തെ ചില യാഥാര്‍ഥ്യങ്ങളില്‍ അവര്‍ക്ക് തെറ്റായ ധാരണയാണുള്ളത്. ഇനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നിനെ ഇല്ലാതാക്കേണ്ടത് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്നെന്നും റിച്ചര്‍ഡ് വ്യക്തമാക്കി.
















