കണ്ണൂര്‍: മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കി. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്, കൂട്ടൂപുഴ, കൊട്ടിയൂര്‍ ഭാഗങ്ങളിലാണ് പോലീസ് സാന്നിധ്യം ശക്തമാക്കുന്നത്.
2016 മുതല്‍ കേരളത്തില്‍ വ്യത്യസ്ത സംഭവങ്ങളിലായി പോലീസ് വെടിവയ്‌പ്പില്‍ ഏഴ് മാവോയിസ്റ്റുകള്‍ മരിച്ചതില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നശേഷം പ്രതികാരം ചെയ്യുമെന്ന രീതിയില്‍ ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും മലയോരമേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ കലാപങ്ങളില്‍ മാവോയിസ്റ്റ് സംഘടനകളില്‍പ്പെട്ടവര്‍ സജീവമായി പങ്കെടുക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. മലയോരമേഖല കേന്ദ്രീകരിച്ച് ഇരുട്ടിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് പകല്‍ വെളിച്ചത്തില്‍ പ്രത്യക്ഷ സമരത്തിനുള്ള സാഹചര്യമാണ് ഇപ്പോള്‍ ലഭിച്ചത്. മതഭീകരരുടെ നിര്‍ലോഭമായ പിന്തുണയും ഇവര്‍ക്കുണ്ട്. മാവോയിസ്റ്റ് സംഘടനകളുടെ പേരിലല്ലാതെ മറ്റ് സമര സംഘടനകളില്‍ ചേര്‍ന്നാണ് ഇവര്‍ സമരത്തില്‍ പങ്കെടുക്കുന്നത്.
ഇതിന് പുറമെ സിപിഎം ഉള്‍പ്പടെയുള്ള മുഖ്യധാര ഇടതു സംഘടനകളിലും മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുണ്ട്. മാവോയിസ്റ്റ് ബന്ധത്തില്‍ കോഴിക്കോട് ജില്ലയില്‍ സിപിഎം അംഗങ്ങളായ അലന്‍, താഹ എന്നീ രണ്ട് വിദ്യാര്‍ഥികള്‍ പോലീസ് പിടിയിലായത് ആഭ്യന്തര വകുപ്പില്‍ ആശങ്കയുണ്ടാക്കുന്നു. പിന്നീട് അറസ്റ്റുകളുണ്ടായിട്ടില്ലെങ്കിലും ഇത്തരത്തില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിക്കകത്തുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇവരെ കണ്ടെത്തുകയും നിയമത്തിന് മുന്നിലെത്തിക്കുകയുമെന്നത് ശ്രമകരമായ ദൗത്യമാണ്.
















