പാലക്കാട്: പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കു നേരെ കൈയേറ്റം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുതിര്‍ന്ന കൗണ്‍സിലറുമായ എന്‍. ശിവരാജനെ തള്ളിയിട്ടു. വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാറിനെ ഉപരോധിച്ചു, കൈയേറ്റത്തിന് ശ്രമിച്ചു പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം അവതരിപ്പിച്ച പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നും അജണ്ടയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സിപിഎം, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം തടസ്സപ്പെടുത്തി. കഴിഞ്ഞ രണ്ടു കൗണ്‍സില്‍ യോഗങ്ങളും ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം തടസ്സപ്പെടുത്തിയിരുന്നു. മുനിസിപ്പല്‍ ആക്ട് പ്രകാരം സിഎഎക്കെതിരെ പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് അനാവശ്യമായി യോഗം തടസ്സപ്പെടുത്തിയത്.
യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാറായിരുന്നു അധ്യക്ഷ സ്ഥാനത്ത്. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഡയസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മറ്റ് അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാവണമെന്ന് പറഞ്ഞെങ്കിലും അത് അനുവദിക്കാതെ വൈസ് ചെയര്‍മാനെ ഉപരോധിച്ചു. തുടര്‍ന്ന് ഒരുമണിയോടെ അജണ്ടകള്‍ പാസാക്കിയതായും കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.
പോകാനൊരുങ്ങിയ കൃഷ്ണകുമാറിനെ സിപിഎമ്മിന്റെ വനിത കൗണ്‍സിലര്‍മാര്‍ തടയുകയും മറ്റുകൗണ്‍സിലര്‍മാര്‍ അദ്ദേഹത്തെ പിടിച്ചുവലിക്കുകയും ചെയ്തു. ഇതിനിടെയെത്തിയ എന്‍. ശിവരാജനെ തള്ളിത്താഴെയിടുകയായിരുന്നു. പ്രമേയം പാസാക്കുന്നത് വരെ കൗണ്‍സില്‍ നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.
















