കൊച്ചി: ശബരിമലക്കാര്യത്തില്‍ പിണറായിയും താനുമല്ല അഭിപ്രായം പറയേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിട്ടില്ലെന്നും, കോടതി വിധി തിരുത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെടണമെന്ന് തോന്നിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളിയുടെ നിലപാടല്ല സര്‍ക്കാരിനെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ഞാന്‍ പറഞ്ഞത് സര്‍ക്കാരിന്റെ 2007 ലെയും 2016 ലെയും സത്യവാങ്മൂലത്തിലെ നിലപാടാണ്. അതില്‍ ഉറച്ചു നില്‍ക്കുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ പറയുന്നതില്‍ മാധ്യമങ്ങളും പരാജയപ്പെട്ടു. സത്യവാങ്മൂലത്തില്‍ ചരിത്രവും ഭൂമിശാസ്ത്രവും മറ്റും പറയും. പക്ഷേ, അതിലെ ആവശ്യം എന്താണെന്നതാണ് പ്രധാനം. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഹിന്ദുമത വിശ്വാസാചാരങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ആചാര്യന്മാരുടെ അഭിപ്രായത്തെ മാനിച്ച് വേണം നടപടിയെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ, കോടതി ആ പ്രാര്‍ഥന കേട്ടില്ല, അംഗീകരിച്ചില്ല. അമിക്കസ് ക്യൂറിയെ നിയോഗിച്ച് ആ അഭിപ്രായമാണ് സ്വീകരിച്ചത്. എന്‍എസ്എസും മറ്റു സംഘടനകളും പറഞ്ഞത് കോടതി പരിഗണിച്ചില്ല, മന്ത്രി വിശദീകരിച്ചു.
അപ്പോള്‍ മുമ്പ് സര്‍ക്കാരും മന്ത്രിമാരും പറഞ്ഞതിന് വിരുദ്ധമല്ലേ ഇതെന്ന ചോദ്യത്തിന്, ”ഒരു വൈരുധ്യവുമില്ല, പിണറായിയും കടകംപള്ളിയുമൊന്നുമല്ല ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്, ഹിന്ദുമത ആചാരങ്ങളില്‍ പാണ്ഡിത്യമുള്ള ആചാര്യന്മാരാണ്,” എന്ന് മന്ത്രി ആവര്‍ത്തിച്ചു.സംസ്ഥാന അഭിപ്രായത്തിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ കോടതിയെ സമീപിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, ”അങ്ങനെ തോന്നിയിട്ടില്ല, സുപ്രീംകോടതിയുടെ അന്തിമ വിധിക്കെതിരെ പോകാന്‍ പറ്റില്ലെന്ന് വിശദീകരിച്ചു. പാര്‍ലമെന്റ് പാസാക്കിയ, രാഷ്‌ട്രപതി ഒപ്പിട്ട പൗരത്വ നിയമത്തിനെതിരെ പോകുന്നത് അത് ഭരണഘടനാ വിരുദ്ധമായതിനാലാണ്,” മന്ത്രി പറഞ്ഞു.
















