തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഭീകരരുമായും അവരുടെ ദേശീയ തലത്തിലുള്ള ശൃംഖലയുമായി ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍.
പ്രതികളായ തൗഫീഖിനും അബ്ദുള്‍ സമീമിനും ഒപ്പമുള്ള, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന, ഖാജാമൊയ്ദീന്‍, അബ്ദുള്‍ സമദ്, സെയ്ദലി നവാസ് എന്നിവരെ ദല്‍ഹി പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. എസ്ഐയെ കൊന്നതിന്റെ പിറ്റേന്ന് മൂന്നുപേരെയും ആക്രമിച്ച് കീഴടക്കുകയായിരുന്നു. ഇവര്‍ക്ക് തൗഫീഖും അബ്ദുള്‍ സമീമുമായി വ്യക്തമായി ബന്ധമുണ്ടെന്ന് ദല്‍ഹി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇതേസംഘത്തിലുള്ളവരെ ചെന്നൈയില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടിച്ചത്.
ഞായറാഴ്ച ബെംഗളൂരുവില്‍ നിന്ന് പിടിച്ച ഇജാസ് പാഷയാണ് മുംബൈയില്‍ നിന്ന് കളിയിക്കാവിളയിലെ ആക്രമണത്തിന് തോക്ക് എത്തിച്ചതെന്നും വ്യക്തമായി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് ഈ ബന്ധങ്ങളില്‍ നിന്ന് തെളിയുന്നത്. ദല്‍ഹി മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധന ശക്തമാക്കി.
അതിനിടെ, പ്രതികള്‍ക്ക് വിതുര സ്വദേശി സെയ്ദലി എടുത്തു നല്കിയ വാടകവീട് കണ്ടെത്താന്‍ ക്യുബ്രാഞ്ച് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പുന്നയ്ക്കാട്, മൂന്നുകല്ലിന്മൂട്, ടിബി ജങ്ഷന്, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ എവിടെയോ ആണ് തൗഫീക്കും സമീമും താമസിച്ചതെന്നാണ് തമിഴ്നാട് പോലീസിന് ലഭിച്ച സൂചന. അവിടെവച്ചാണ് ഗൂഢാലോചന നടന്നതും. കൊലപാതക ശേഷവും പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ എത്തിയെന്നാണ് തമിഴ്നാട് പോലീസിന്റെ നിഗമനം. അതിനു ശേഷം രക്ഷപ്പെട്ടത് ഏതുവഴിയെന്ന് കണ്ടെത്തിയിട്ടില്ല. തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നും തമിഴ്നാട് പോലീസ് കരുതുന്നു.
വിതുരയിലെ സെയ്ദലിയുടെ വീടും പരിസരവും തമിഴ്നാട് പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും അന്വേഷിക്കുന്നുണ്ട്. തൗഫീക്കും സമീമുമായും സെയ്ദലിക്ക് നല്ല ബന്ധമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. സെയ്ദലി ഇടയ്ക്കിടെ കളിയിക്കാവിളയിലേക്കും നെയ്യാറ്റിന്‍കരയിലേക്കും പോയിരുന്നതായി ഭാര്യ തമിഴ്നാട് ക്യുബ്രാഞ്ചിന് മൊഴി നല്കി. പുറത്തുപോകുമ്പോള്‍ ഇയാള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ല. ഫോണ്‍ വീട്ടില്‍ സൂക്ഷിക്കാറായിരുന്നു പതിവ്. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു.
ആക്രമണ ദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ട് മണി വരെ ലാപ്ടോപ് ഉപയോഗിച്ചിരുന്നു. ലാപ്ടോപ് ക്യുബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. സെയ്ദലി കന്യാകുമാരി സ്വദേശിയാണ്. തൊളിക്കോടുള്ള യുവതിയെയാണ് ഇയാള്‍ വിവാഹം കഴിച്ചത്. വിതുരയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്താന്‍ മുറിയെടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനമുണ്ടായില്ല. രണ്ടു മാസമായി വിതുര മേഖലയില്‍ വാടക വീട്ടിലാണ് താമസം. നാട്ടുകാരുമായും അയല്‍വാസികളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇയാളാണ് തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്‍കിയതെന്ന് വ്യക്തമായി.
ഭീകരര്‍ക്ക് സഹായമെത്തിച്ചത് മുക്രി
തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വധിച്ച ഭീകരരായ തൗഫീക്കിനും സമീമിനും ആഹാരവും മറ്റു സഹായങ്ങളും എത്തിച്ചിരുന്നത് നെയ്യാറ്റിന്‍കര പള്ളിയിലെ മുക്രി ജാഫറാണെന്ന് തമിഴ്നാട് ക്യുബ്രാഞ്ച്. ഇതു തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
ഭീകരാക്രമണം നടന്ന ഈ മാസം എട്ടിന് രാത്രി 8.30ഓടെ നെയ്യാറ്റിന്‍കര ജങ്ഷനില്‍ ജാഫര്‍ ഉണ്ടായിരുന്നു. തൗഫീക്കിന്റെയും ഷെമീമിന്റെയും കൈവശമുണ്ടായിരുന്ന ബാഗ് ജാഫറിനെയാണ് ഏല്‍പ്പിച്ചത്. തുടര്‍ന്ന് അവിടെനിന്ന് ഓട്ടോറിക്ഷ ഏര്‍പ്പാടാക്കിയതും ജാഫറായിരുന്നു. ആ ഓട്ടോയിലാണ് പ്രതികള്‍ കളിയിക്കാവിള ചെക്ക്പോസ്റ്റിലേക്കു പോയത്. ഈ സമയം കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ ഫുട്പാത്തില്‍ ഉപേക്ഷിച്ച് ജാഫര്‍ തിരികെ പള്ളിയിലേക്കു പോയി. ഇതെല്ലാം സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം.
പിറ്റേന്ന് സമീപത്തെ ചില വ്യക്തികളും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഉപേക്ഷിച്ച ബാഗിനായി പോലീസ് തെരച്ചില്‍ നടത്തുമ്പോഴും ജാഫര്‍ അവിടെ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പള്ളിയില്‍ എത്തിയതായി ജാഫര്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: