മാള (തൃശൂര്‍): തുമ്പൂര്‍ കൊറ്റനെല്ലൂരില്‍ ഷഷ്ഠി ആഘോഷം കണ്ടു വീട്ടിലേക്ക് നടന്നു പോകുന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. രണ്ടു കുടുംബങ്ങളിലെ അച്ഛനും മക്കളുമാണ് മരിച്ചത്. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍, കാവടി ആഘോഷത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. കൊറ്റനെല്ലൂര്‍ തേരപ്പിള്ളി സ്വദേശി സുബ്രന്‍ (54), മകള്‍ പ്രജിത (23), മണ്ണന്തറ വീട്ടില്‍ ബാബു (56), മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. അമിത വേഗത്തില്‍ വളവ് തിരിഞ്ഞ് വന്ന കാര്‍, റോഡിന് സമീപത്തെ പോസ്റ്റില്‍ ഇടിക്കാതിരിക്കാന്‍ എതിര്‍ദിശയിലേക്ക് വെട്ടിച്ചു. ഇതേത്തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ എതിരെ നടന്നുവന്ന നാലു പേരെയും ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് 15 മിനിറ്റോളം വഴിയില്‍ കിടന്ന ഇവരെ പിന്നീട് ആളൂര്‍ എസ്‌ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തില്‍ പോലീസ് വാഹനത്തിലും ഉത്സവത്തിനെത്തിയ നാട്ടുകാരുടെ വാഹനത്തിലുമായാണ് ആശുപത്രിയിലെത്തിച്ചത്. സുബ്രനും ബാബുവും വിപിനും രാത്രിയിലും പ്രജിത രാവിലെയുമാണ് മരിച്ചത്. സുബ്രനും ബാബുവും കൂലിപ്പണിക്കാരാണ്. വിപിന്‍ ഓട്ടോഡ്രൈവറും പ്രജിത അങ്കണവാടി അധ്യാപികയുമാണ്. അമിത വേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വള്ളിവട്ടം പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ ആഗ്‌നന്‍ (21), ചാണാശേരി ദയലാല്‍ (20), പൈങ്ങോട് വെങ്ങാശേരി ജോഫിന്‍ (20), വള്ളിവട്ടം മാളിയേക്കല്‍ നിനോ (20), എരുമക്കാട്ടുപറമ്പില്‍ റോവിന്‍ (20) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിനോയ്‌ക്ക് പരിക്കേറ്റതിനാല്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കെഎല്‍ 45സി 3642 എന്ന ഐക്കന്‍ കാറും കസ്റ്റഡിയിലെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. കാവടി ആഘോഷം കാണാന്‍ വന്നതായിരുന്നു ഈ അഞ്ചുപേര്‍. ആഗ്‌നനാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഒഴികെയുള്ളവര്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. ഇവരെ മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയമാക്കി.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
















