ശബരിമല: അറുപത് ദിവസത്തെ കഠിനവ്രതത്തിന്റെ ഫലസിദ്ധിക്കായി ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന മകരവിളക്ക് ഇന്ന്. മകരജ്യോതി ദര്‍ശനത്തിനും തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുവണങ്ങാനുമായി ഇനി മണിക്കൂറുകള്‍ മാത്രം. സന്നിധാനവും പരിസരവും ഭക്തരെക്കൊണ്ടു നിറഞ്ഞു. വൈകിട്ട് ആറരയ്ക്കാണ് മകരവിളക്ക്.
കനത്ത സുരക്ഷയിലാണ് സന്നിധാനം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സംക്രമപൂജയും സംക്രമാഭിഷേകവും ഇന്ന് പുലര്‍ച്ചെ 2.09ന് പൂര്‍ത്തിയായി. സൂര്യന് ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്നത് പുലര്ച്ചെയായതുകൊണ്ടാണിത്. പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ആറു മണിക്ക് സന്നിധാനത്തെത്തും. വൈകിട്ട് ശരംകുത്തിയില്‍ നിന്ന് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തെത്തിക്കും. പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, അംഗങ്ങളായ വിജയകുമാര്‍, കെ. എസ്. രവി, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. തുടര്‍ന്ന് കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും. പിന്നാലെ മാളികപ്പുറത്തെ അയ്യപ്പന് ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിയിലേക്ക് എഴുന്നള്ളത്തുണ്ടാകും.
മകരജ്യോതി ദര്‍ശനത്തിന് സന്നിധാനത്തും പരിസരത്തും പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് തമ്പടിച്ചിട്ടുള്ളത്. പമ്പ ഹില്‍ ടോപ്പില്‍ മകരജ്യോതി ദര്‍ശനത്തിന് അനുമതിയില്ല. സന്നിധാനത്തും പരിസരത്തുമായി പത്തോളം വ്യു പോയിന്റുകളുണ്ട്. തിരുമുറ്റം, മാളികപ്പുറം അന്നദാനമണ്ഡപത്തിന് സമീപം, പാണ്ടിത്താവളം, കൊപ്രാക്കളം, ജീപ്പ്റോഡിന് സമീപം, ശരംകുത്തി, നീലിമല, പമ്പ, പുല്‍മേട്, പാഞ്ചാലിമേട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാല്‍ മകരജ്യോതി കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: