പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗം പ്രതിപക്ഷം വീണ്ടും തടസപ്പെടുത്തി. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണമെന്നും അജണ്ടയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വെച്ച് കൗണ്‍സില്‍ യോഗം തടസപ്പെടുത്തിയത്. കൗണ്‍സില്‍ യോഗം തടസപ്പെടുത്തുന്ന പ്രതിപക്ഷം കോടിക്കണക്കിന് രൂപയുടെ വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണപക്ഷം വ്യക്തമാക്കി. കോടിക്കണക്കിന് രൂപയും അമൃത് പദ്ധതി ചര്‍ച്ചക്കെടുത്തപ്പോഴാണ് പ്രതിപക്ഷമായ സിപിഎം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ച് യോഗം തടസപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 18ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് നഗരസഭയില്‍ സിപിഎം അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തിരുന്നു. നഗരസഭയില്‍ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചു.
എന്നാല്‍ ബിജെപി അംഗങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ സിപിഎം- കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരെ ബഹളം വെയ്‌ക്കുകയും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ബിജെപി മുതിര്‍ന്ന കൗണ്‍സിലര്‍ ശിവരാജന്‍ ഉള്‍പ്പടെയുള്ളവരെ സിപിഎം- കോണ്‍ഗ്രസ് സംഘം കൈയേറ്റം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും പ്രതിപക്ഷം ഒരുമിച്ച് ബഹളം വച്ചത്.
















