കണ്ണൂര്‍: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ ആളുകളെ ഭീതിയില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രം 37-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവരി 15 ന് അമിത് ഷാ എത്തുമ്പോള്‍ യൂത്ത് ലീഗ് ബ്ലാക്ക് വാള് ഉണ്ടാക്കുമെന്ന് പറഞ്ഞതും പിന്നീട് അതില്‍ നിന്ന് പിന്നോട്ട് പോയതും ആസൂത്രിതമാണ്. തീരുമാനിക്കാത്ത പരിപാടിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ കേരളത്തിലെ ജനതയെ മുഴുവന്‍ ഒരു പാര്‍ട്ടി പറ്റിച്ചു. ആളുകളെ പേടിപ്പിക്കാനുള്ള അജണ്ടയാണിത്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതും ഇതേ രീതിയിലുള്ള പ്രചാരണമാണ്. മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെയുള്ളവര്‍ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമം. സിപിഎം നേതാവ് ഭൂപേഷ് ഗുപ്ത, പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ അവിടെ പീഡനം അനുഭവിക്കുകയാണെന്നും അവര്‍ക്ക് ഇവിടെ അഭയം കൊടുക്കണമെന്നും 1964ല്‍ ലോക്സഭയില്‍ ആവശ്യമുന്നയിച്ചതിന് അന്നത്തെ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരമന്ത്രി ഗുല്സാരിലാല്നന്ദ അനുഭാവപൂര്‍ണ്ണമായി മറുപടി പറഞ്ഞതും ചരിത്രരേഖയാണ്. ഇതു തന്നെയാണ് മന്മോഹന് സിങ്, എല്‍.കെ. അദ്വാനിയോട് ആവശ്യപ്പെട്ടത്. അതാണ് അമിത് ഷാ ഇപ്പോള്‍ നടപ്പാക്കിയത്. എന്‍ആര്‍സി നടപ്പാക്കിയത് 1985ല്‍ രാജീവ് ഗാന്ധിയാണ്. എന്‍പിആര്‍ പ്രഖ്യാപിച്ചത് സോണിയയും മന്മോഹനും ചിദംബരവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചിത്രം ജനങ്ങളുടെ മുന്നിലെത്തിക്കാതെ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ്. ഇന്ന് കേരളത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ വലിയ അഭിമാനത്തോടെയാണ് ചിലര്‍ കൊണ്ടുനടക്കുന്നത്.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തത് കോളേജ് അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങി ബുദ്ധിപരമായ ഔന്നത്യം വഹിക്കുന്നവരാണ്. കാര്യങ്ങള്‍ സംയമനത്തോടെ കേള്‍ക്കാനും അതിനു മറുപടി പറയാനും കഴിയുന്നവര്‍. സമ്മേളനത്തില്‍ സംസരിച്ച ചിലര്‍ ചരിത്രവുമയി ബന്ധമില്ലാത്ത കാര്യങ്ങള്‍ പരാമര്‍ശിച്ചപ്പോഴാണ് അതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മറുപടി പറഞ്ഞത്. പിന്നെ കാണുന്നത് തെരുവുഗുണ്ടകളുടെ നിലവാരത്തിലുള്ള പ്രവൃത്തികളാണ്. ബുദ്ധിപരമായി എതിര്‍ക്കാന്‍ ശേഷിയില്ലാത്തത് കൊണ്ടാണ് കായികമായി എതിര്‍ത്തത്. അത് ആഘോഷിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കേണ്ടതായിരുന്നു. നുണകളുടെ ഘോഷയാത്രയാണ് കേരളത്തില്‍. ഇത് കേരളത്തെ എവിടെയെത്തിക്കുമെന്ന് നാം ചിന്തിക്കണം. കേരളത്തിന് മാത്രമായി ഒറ്റയ്ക്ക് നില്ക്കാന് സാധിക്കില്ല. വികസനോന്മുഖമായ കേരളത്തെ സൃഷ്ടിക്കാനുള്ള ഒരു വഴിയാണ് നം കാണേണ്ടത്. ആ വഴി കണ്ടെത്തി മുന്നോട്ട് നയിക്കുകയെന്ന ചരിത്രപരമായ ദൗത്യമാണ് ഭാരതീയ വിചാരകേന്ദ്രത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് വിളക്ക് തെളിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡോ. രാകേശ് സിന്‍ഹ മുഖ്യഭാഷണം നടത്തി. അഡ്വ. കെ.കെ. ബാലറാം, ജെ. നന്ദകുമാര്‍, ആര്. സഞ്ജയന്, പി. ജനാര്ദ്ദനന് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.സി. സുധീര്‍ബാബു സ്വാഗതവും പി. പ്രകാശന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: