കൊച്ചി: ഒട്ടനവധി പേരുടെ സ്വപ്നകൂടാരം തകര്‍ന്നടിയുന്നത് കാണാന്‍ ആളുകളെ സ്വാഗതം ചെയ്ത് സ്ഫാേടനക്കമ്പനി. ഫ്ളാറ്റുകള്‍ക്ക് സമീപത്തുള്ള ക്രൗണ്‍ പ്ലാസയിലാണ് ഇത്തരത്തില്‍ കാണികള്‍ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നത്.
ഇംപ്ലോഷന്‍ വ്യൂവിങ് ഗാലറിയിലേയ്ക്ക് സ്വാഗതം എന്ന് സമീപത്തെ നക്ഷത്ര ഹോട്ടലിന്റെ ലോഗോ വച്ചു പ്രചരിച്ച സ്റ്റാന്‍ഡിങ് ബോര്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. നിരവധിപ്പേര്‍ക്ക് കണ്ണീര് സമ്മാനിച്ചു ഫ്ളാറ്റുകള്‍ തകര്‍ന്നു വീഴുമ്പോള്‍ ഹോട്ടലുകാരും പൊളിക്കുന്ന കമ്പനിയും അതിനെ ആഘോഷമാക്കി എന്നായിരുന്നു മുഖ്യവിമര്‍ശനം.
സ്ഫോടനം നടക്കുമ്പോള്‍ ഹോട്ടല്‍ റൂഫില്‍ നിന്നു നേരിട്ടു കാണാവുന്ന മൂന്നു ഫ്ളാറ്റ് സമുച്ചയങ്ങളുടെ ചിത്രങ്ങളും ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. സ്ഫോടനക്കമ്പനിയായ എഡിഫിസ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തിലായിരുന്നു വ്യൂവിങ് ഗാലറി ഒരുക്കിയത്. അതേസമയം വ്യൂവിങ് ഗാലറി ഒരുക്കിയിരുന്ന ക്രൗണ്‍ പ്ലാസയ്ക്കതിരെ കായല്കൈയേറിയതിന് മുമ്പ് കേസെടുത്തിരുന്നതാണ്.
വ്യൂവിങ് ഗാലറിയിലേക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ഹോട്ടലില്‍ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഫ്ളാറ്റുടമകളുടെയും മറ്റും വാട്സാപ് ഗ്രൂപ്പുകളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് ഹോട്ടലിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങളില്‍ സ്ഫോടനക്കമ്പനിക്കും ഹോട്ടലുകള്‍ക്കുമെതിരെ രീക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. തെറ്റായ വഴിയിലൂടെ ഉണ്ടായ കുഞ്ഞിനെ കൊല്ലുന്നത് സന്തോഷത്തോടെ കാണുന്ന സമൂഹം എന്ന ഫീലിങ്ങാണ് ഈ ബോര്‍ഡ് നല്‍കുന്നത്. പാവം കുഞ്ഞ് എന്തു പിഴച്ചെന്നാണ് ഗ്രൂപ്പ് അംഗങ്ങളില്‍ ഒരാള്‍ പ്രതികരിച്ചത്.
എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്റ്റാന്‍ഡിങ് ബോര്‍ഡുമായി സ്ഥാപനത്തിന് ബന്ധമില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ റൂഫ്ടോപ് റസ്റ്ററന്റ് നേരത്തേ തന്നെ സ്ഫോടനം നടത്തുന്ന കമ്പനി അവരുടെ അതിഥികള്‍ക്കായി വാടകയ്ക്കെടുത്തിരുന്നതാണ്. സ്ഫോടനം കാണാനെത്തുന്നവരുടെ പട്ടികയും അവര്‍ നല്‍കിയിരുന്നു.
കമ്പനി ഉടമകളാണ് ഹോട്ടലിന്റെ ലോഗോ സഹിതം ബോര്‍ഡ് സ്ഥാപിച്ചത്. ഇതു ശ്രദ്ധയില്‍പെട്ടതോടെ എടുത്തു മാറ്റാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. എന്നാല്‍ രാവിലെ റസ്റ്റോറന്റിലേയ്ക്ക് സ്ഫോടനം കാണാന്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്ന മറ്റ് അതിഥികള്‍ എത്തിയിരുന്നെങ്കിലും പ്രവേശിപ്പിച്ചില്ല. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഇവരില്‍ ഒരാള്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നെന്നും ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: