എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ അനുഷ്ഠാനമായി കൊണ്ടാടുന്ന അമ്പലപ്പുഴ-ആലങ്ങാട് ദേശക്കാരുടെ പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. പേട്ടകെട്ടില് പങ്കെടുക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന അയ്യപ്പഭക്ത സംഘങ്ങളുടെ വന്‍തിരക്കാണ് എരുമേലിയില്‍.
മണികണ്ഠനായ അയ്യപ്പസ്വാമിയുടെ അവതാരലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളല്‍. മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് ആദ്യം നടക്കുക. രാവിലെ 11 മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിയുടെ സാന്നിധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നതോടെയാണ് കൊച്ചമ്പലത്തില്‍ നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരാണ് ഇത്തവണയും അമ്പലപ്പുഴ സംഘത്തിന് നേതൃത്വം നല്‍കുന്നത്.
ആലുവ മണപ്പുറത്തെ മഹാദേവന്റെ ക്ഷേത്രസന്നിധിയില്‍ നിന്ന് അയ്യപ്പസ്വാമിയുടെ ചൈതന്യം ആവാഹിച്ച ഗോളകയും കൊടിയുമായി പിതൃസ്ഥാനീയരായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളില്‍ തിടമ്പുമായി ശരീരമാസകലം ചന്ദനവും ഭസ്മവും പുരട്ടി താളമേളത്തിന്റെ അകമ്പടിയില്‍ അരങ്ങേറുന്ന രണ്ടാമത്തെ പേട്ടതുള്ളലിന് അമ്പാടത്ത് എ.കെ. വിജയകുമാര്‍ നേതൃത്വം നല്‍കും.
നാടിന്റെ ഐശ്വര്യത്തെയും സാഹോദര്യത്തെയും തൊട്ടുണര്‍ത്തുന്ന പേട്ടതുള്ളലിന് നേതൃത്വം നല്കുന്ന രണ്ടു ദേശക്കാരെയും ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിക്കും. പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം ഘോഷയാത്ര ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: