തൃശൂര്‍: മൂര്‍ക്കനിക്കരയില്‍ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തരുടെ ആക്രമണം. മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്ത്തകന് മൂര്‍ക്കനിക്കര കറുകയില്‍ അനില്‍കുമാറിന്റെ വീട്ടിലാണ് ആറംഗ സംഘം ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു സംഭവം. മാരക ആയുധങ്ങളുമായി കാറിലും ബൈക്കിലുമായെത്തിയ ഗുണ്ടാസംഘം വീടാക്രമിക്കുകയായിരുന്നു. രണ്ടാം നിലയിലെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. മുറ്റത്തുണ്ടായിരുന്ന ബൈക്ക് തല്ലി പൊളിച്ച ഗുണ്ടാസംഘം രണ്ടു സൈക്കിളുകള്‍ കിണറ്റിലേക്ക് എടുത്തെറിഞ്ഞു. ഇതിനു പുറമേ മാലിന്യങ്ങള്‍ ഇട്ട് കിണര്‍ ഉപയോഗശൂന്യമാക്കി.
ആക്രമണം നടത്തുമ്പോള്‍ അനില്‍കുമാറും ഭാര്യയും രണ്ടു മക്കളും വൃദ്ധരായ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്. അക്രമികള്‍ ഉപേക്ഷിച്ച കത്തി, കയ്യുറ എന്നിവ വീട്ടില്‍ നിന്ന് കണ്ടെത്തി. മൂന്നാം തവണയാണ് അനില്‍കുമാറിന്റെ വീടിനു നേരെ സിപിം-ഡിവൈഎഫ്ഐ ആക്രമണമുണ്ടാകുന്നത്.
മൂര്‍ക്കനിക്കര തേരോത്ത് വീമ്പ് ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി സേവാഭാരതി സ്ഥാപിച്ച മാലിന്യ നിക്ഷേപ ബോക്സുകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. അനില്‍കുമാര്‍ ഇതു ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് വീട് അക്രമിക്കാനുള്ള കാരണം. സേവാഭാരതി നടത്തറ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയായ അനില്‍കുമാര്‍ സംഘപരിവാര്‍ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് മണ്ണുത്തി പോലീസ് കേസെടുത്തു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ആര്.ഹരി തുടങ്ങിയവര്‍ അനില്‍കുമാറിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: