കൊല്ലൂര്‍: വാഗ്ദേവതയ്ക്കുമുന്നില് തൊഴുകൈകളുമായി 80-ാം പിറന്നാള്‍ ദിനത്തിലും ഗാനഗന്ധര്വന് കെ.ജെ. യേശുദാസെത്തി. നാലര പതിറ്റാണ്ടായി തുടരുന്ന പതിവ് ഇക്കുറിയും മുടക്കിയില്ല. ഭാര്യ പ്രഭയ്ക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് ജന്മദിനാഘോഷത്തിനായി യേശുദാസ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെത്തിയത്. രാവിലെ എട്ടരയോടെയാണ് യേശുദാസും കുടുംബവും മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. പതിവുപോലെ ജന്മദിനത്തില് ചണ്ഡികാ ഹോമമുള്‍പ്പെടെ വഴിപാടുകളും കഴിപ്പിച്ചു. ലോകത്തിന്റെ ഏത് കോണിലായാലും പിറന്നാള്‍ ദിനത്തില്‍ ദേവീസന്നിധിയിലെത്തുകയെന്നത് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാണ്. ഭാര്യ പ്രഭ, മക്കളായ വിജയ്, വിനോദ്, വിശാല്‍ എന്നിവരോടൊപ്പം ഇന്നലെ രാത്രി കൊല്ലൂരെത്തിയ യേശുദാസിനെ ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ദേവീസന്നിധിയില്‍ പ്രാര്‍ത്ഥനാഭരിതനായി തൊഴുകൈകളുമായി നിന്നശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്ത് ഭക്തരുടെ കൂടെ ക്ഷേത്രപ്രദക്ഷിണവും നടത്തി. പ്രത്യേകപൂജകള്‍ക്കു ശേഷം അദ്ദേഹം സരസ്വതീമണ്ഡപത്തിലെത്തി കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വൈകീട്ട് നടന്ന ദീപാരാധനയിലും പങ്കെടുത്തശേഷമാണ് യേശുദാസും കുടുംബവും മടങ്ങിയത്.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന സംഗീതാര്‍ച്ചനയിലും യേശുദാസ് പങ്കെടുത്തു. ക്ഷേത്രദര്‍ശനത്തിന് എത്തിയ പ്രിയ ഗായകന് മൂകാംബിക സംഗീത ആരാധക സമിതിയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നല്കി. രാവിലെ ആറരയോടെ ആരംഭിച്ച സംഗീതാര്‍ച്ചന വൈകീട്ട് വരെയുണ്ടായിരുന്നു. പ്രശസ്ത സംഗീത സംവിധായകന് ടി.എസ്. രാധാകൃഷ്ണന് ചടങ്ങില്‍ സൗപര്ണികാമൃത പുരസ്കാരം സമ്മാനിച്ചു. പ്രിയ ഗായകനെ കാണാന്‍ ക്ഷേത്രത്തിനുള്ളിലും ആരാധകര്‍ തടിച്ചു കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: