ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ മാധ്യമങ്ങളില്‍ കേരള സര്‍ക്കാര്‍ കൊടുത്ത പരസ്യങ്ങള്‍ക്കെതിരെ കേരളാ ഗവര്‍ണര്‍. ഖജനാവില്‍ നിന്നുള്ള പണമെടുത്ത് ഇത്തരം കാര്യങ്ങള്‍ക്ക് പത്രപ്പരസ്യം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പത്രപരസ്യം നല്‍കുന്നത് ഫെഡറല്‍ സംവിധാനത്തിന് യോജിച്ചതല്ല. ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കല്ല ഉപയോഗിക്കേണ്ടത്. പൗരത്വ നിയമ ഭേദഗതി കേരളത്തെ ഒരു വിധത്തിലും ബാധിക്കാത്ത നിയമമാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തെറ്റാണ്. പൊതു ആവശ്യങ്ങള്‍ക്കായി വേണം പണം ചെലവഴിക്കാന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിനെതിരെ പ്രചാരണം നടത്തുന്നതില്‍ തെറ്റില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലായി പോകുന്നത് ഭരണഘടനയ്ക്ക് നല്ലതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടുകയെന്നതല്ല രീതി. സര്‍ക്കാരിനെ ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നത്. വിഭിന്നാഭിപ്രായം പ്രകടിപ്പിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപ മുടക്കിയാണ് പിണറായി വിജയന് സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നലെ പരസ്യം നല്‍കിയത്. ജനസംഖ്യാ രജിസ്റ്റര്‍ സ്റ്റേ ചെയ്തെന്ന് അഭിമാനിക്കുന്ന തരത്തിലുള്ള വാചകങ്ങള്‍ നിറച്ച് നല്കിയ പരസ്യം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ നഗ്നമായ ലംഘനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: