ഇരിങ്ങാലക്കുട: പൗരത്വ നിയമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിങ്ങളുടെ രക്ഷകനായി എത്തിയത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണെന്ന് ടി.പി. സെന്‍കുമാര്‍. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അതു കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് നല്കിയ മറുപടിയിലാണ് ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.
സംസ്ഥാനത്ത് മുഖ്യമന്ത്രിയാകേണ്ടത് നന്മയുള്ള ആളുകളാണ്. അല്ലാതെ ഇവരെ പോലുള്ളവരല്ല. ആഭ്യന്തര മന്ത്രിയല്ല ഡിജിപിയെ നിയമിക്കുന്നത്. അത് മന്ത്രിസഭയാണ്. ചെന്നിത്തല ആദ്യം കാര്യങ്ങള്‍ വ്യക്തമായി പഠിക്കട്ടെ.
താക്കോല്‍ദാന ശസ്ത്രക്രിയയിലൂടെയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയില്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് ചെന്നിത്തലയെ ഇത്തരത്തില്‍ രൂക്ഷമായി കുറ്റപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: