മട്ടാഞ്ചേരി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരി വസ്തുക്കളും തോക്കും കടത്തിയത് അധികൃതരില്‍ ആശങ്ക കൂട്ടുന്നു. 2019ല്‍ ഹാഷീഷ് അടക്കം നാലരക്കിലോ ലഹരിവസ്തുക്കളാണ് കസ്റ്റംസ് പിടിച്ചത്.
അന്താരാഷ്ട്രതലത്തില്‍ 10 കോടി രൂപയോളം ഈ ലഹരിവസ്തുക്കള്‍ക്ക് വില വരും. ആറ് എയര്‍ഗണ്ണാണ് പിടിച്ചത്. ദുബായ്യില് നിന്നെത്തിയ പാലക്കാട് സ്വദേശിയില്‍ നിന്നാണ് എയര്‍ഗണ്‍ പിടിച്ചത്. പാലക്കാട് റൈഫിള്‍ ക്ലബ്ബിനുവേണ്ടി കൊണ്ടുവന്നതെന്ന് പറഞ്ഞെങ്കിലും ക്ലബ് നിഷേധിച്ചു. തോക്ക് വിശദ പരിശോധനയ്ക്ക് ഫൊറന്‍സിക് ലാബിലേക്കയച്ചു. കേസ് അന്വേഷണം മന്ദഗതിയിലാണെന്നും ആക്ഷേപമുണ്ട്.
വിമാനത്താവളം വഴിയുള്ള 368 കള്ളക്കടത്ത് കേസുകളാണ് വിവിധ വിഷയങ്ങളിലായി കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ ഇത് 300ല്‍ താഴെയായിരുന്നു. കേസില്‍ അറസ്റ്റിലായ 68 പേരില്‍ മൂന്ന് വിദേശികളും 14 തമിഴ്നാട്ടുകാരും, നാല് ആന്ധ്രക്കാരുമുണ്ട്.
അറസ്റ്റിലായ 47 മലയാളികളില്‍ ഏറെയും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 48 കോടി രൂപയുടെ 131 കിലോ സ്വര്‍ണമാണ് 2019 (ജനുവരി-ഡിസംബര്‍)ല്‍ പിടികൂടിയത്. 2017-18ല്‍ കൊച്ചി വഴി കടത്തിയ 23.69 കോടി രൂപയുടെ 81.69 കിലോ സ്വര്‍ണവും 2018-19 വര്‍ഷം 52. 46 കോടിയുടെ 166.96 കിലോ സ്വര്‍ണവും പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: