കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത്, വലതു മുന്നണികളും മുസ്ലിം തീവ്രവാദ സംഘടനകളും കേരളത്തില്‍ നടത്തുന്ന കലാപവും പ്രചാരണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യ-ആരോഗ്യ-സാമ്പത്തിക സര്‍വെ നടത്തിപ്പിന് തടസമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ജനമൈത്രി പോലീസ്, എന്യൂമറേറ്റര്‍മാര്‍ എന്നിവരെ വീടുകളില്‍ പ്രവേശിപ്പിക്കരുതെന്നാണ് മുസ്ലിം തീവ്രവാദ സംഘടനകളും ഒരു വിഭാഗം പ്രാദേശിക മഹല്ല് കമ്മിറ്റികളും നല്കുന്ന നിര്‍ദേശം.
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ പഞ്ചായത്തില്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ എത്തിയ യുവതിയെ വിലക്കിയത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തിരുവനന്തപുരത്ത് അങ്കണവാടി ജീവനക്കാരിയെ വീട്ടില്‍ നിന്ന് ആട്ടിയിറക്കുന്ന ദൃശ്യം പ്രചരിപ്പിച്ചത് സിപിഎം സൈബര്‍ സംഘമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇത്തരം സര്‍വെകള്‍ക്ക് വരുന്ന ജീവനക്കാരെ മടക്കിപ്പറഞ്ഞയയ്ക്കുന്ന ദൃശ്യങ്ങളും, ശബ്ദസന്ദേശങ്ങളും ഒരു വിഭാഗം വ്യാപകമായി പ്രചരിപ്പിക്കുന്നു. എന്നാല്‍, ഇതിനെതിരെ നടപടിയെടുക്കുന്നതിന് പകരം സംഭവങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
സര്‍വെകള്‍ ദുരൂഹമെന്നും സര്‍ക്കാര്‍ അത് നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എസ്ഡിപിഐ പരസ്യമായി രംഗത്തെത്തി. സാമൂഹിക ക്ഷേമ വകുപ്പിനെ ഉപയോഗിച്ച് നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പോഷന്‍ മാ അഭിയാന് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വെയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നു എന്നതടക്കമുള്ള ഭീതിയാണ് ഇവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. മുസ്ലിം സമൂഹത്തില്‍ ബോധപൂര്‍വം ഭയാശങ്കകള്‍ പ്രചരിപ്പിച്ചാണ് സര്‍വെകള്‍ തടയാന്‍ ശ്രമം. മുസ്ലിം ലീഗ് അണികളടക്കമുള്ളവര്‍ ഈ പ്രചാരണത്തിലാണ്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോഷന്‍ മാ പദ്ധതിയുടെ ഭാഗമായുള്ള സര്‍വെക്ക് അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകളും ഹൈടെക് ഉപകരണങ്ങളും നല്‍കിയിരുന്നു. പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ദേശീയ പദ്ധതിയാണിത്. 9046.17 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് നീക്കിവച്ചത്. 33,000 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയത്. നേരത്തെ രജിസ്റ്ററുകളില്‍ കുറിച്ചുവച്ചിരുന്ന വിവരങ്ങള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നേരിട്ട് രേഖപ്പെടുത്താനാകും. എന്നാല്‍, ഈ സുതാര്യ പദ്ധതിയടക്കം ദുരൂഹമായി ചിത്രീകരിച്ചാണ് കുപ്രചാരണം.
ഏഴാം സാമ്പത്തിക സര്‍വെയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 24ന് ഗവര്‍ണര്‍ നിര്‍വ്വഹിച്ചെങ്കിലും അതിന്റെ നടത്തിപ്പും അവ്യക്തതയിലാണ്. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍മാര്‍ ഔപചാരികമായി നിര്‍വഹിച്ചെങ്കിലും വ്യാപകമായി ഉയരുന്ന കുപ്രചാരണം സര്‍വെയെ ബാധിക്കുമെന്നാണ് ഇതിന്റെ പ്രാദേശിക നടത്തിപ്പുകാരായ പൊതുസേവന കേന്ദ്രങ്ങളുടെ സംരംഭകര്‍ ആശങ്കപ്പെടുന്നത്. സര്‍വെ തടഞ്ഞാല്‍ രണ്ട് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെങ്കിലും കേരളത്തില്‍ പോലീസ് സംരക്ഷണം കൂടാതെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ട്. ഏഴാമത് സാമ്പത്തിക സര്വെക്കാവശ്യമായ സംരക്ഷണം നല്‍കണമെന്നും ഡിജിപി ഉത്തരവിറക്കിയിട്ടുണ്ട്. ഇരുമുന്നണികളും മുസ്ലിം തീവ്രവാദ സംഘടനകളും സംയുക്തമായി നടത്തുന്ന കുപ്രചാരണം സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പദ്ധതികളെയടക്കം അട്ടിമറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: