തിരുവനന്തപുരം: കേരളാ അതിര്‍ത്തിയില്‍ നടന്നത് തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ച് തമിഴ്നാട് പോലീസ്. പ്രതികള്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) സംഘടനയില്‍ ഉള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യം തമിഴ്നാട് ക്യൂ ബ്രാഞ്ച് കേരള ഡിജിപിയെ അറിയിച്ചു. അല്‍- ഉമ സംഘടനയിലുള്ളവര്‍ ചേര്‍ന്ന് രൂപികരിച്ചതാണ് ഈ സംഘടന. ഇതില്‍ പ്രവര്‍ത്തിച്ച മൂന്നു പേരെ തമിഴ്നാട് പോലീസ് പിടികൂടിയതും ഇവരുടെ ഒളിത്താവളങ്ങളില്‍ പരിശോധന നടത്തിയതിനുമുള്ള പ്രതികരമാണ് കളിയിക്കാവിളയില്‍ കണ്ടത്. ഇവരെ പിടികൂടാന്‍ കേരളം തങ്ങളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും. അന്വേഷണം വേഗത്തിലാക്കാനും തമിഴ്നാട് പോലീസ് ആവശ്യപ്പെട്ടു.
അതേസമയം, കളിയിക്കാവിള ചെക്ക്പോസ്റ്റില്‍ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ ഷമീവും, തൗഫീക്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തേടിയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമില്‍ അറിയിക്കാന്‍ കേരള പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2722500, 9497900999. രണ്ടുപേര്‍ക്കും 25 നും 30 നും ഇടയ്ക്കാണ് പ്രായം. അഞ്ചര അടിയോളം പൊക്കവും ആനുപാതികമായ വണ്ണവുമുണ്ട്. ഇവരെ പിടികൂടാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാരിതോഷികം പ്രഖ്യാപിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്നും അറിയിച്ചിട്ടുണ്ട്.
എഎസ്ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ഇവര്‍ സമീപത്തുള്ള മുസ്ലീം പള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ക്കുകയും പിന്നീട് ഓടിരക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ കൊടും ക്രിമനലുകളാണെന്നും പോലീസ് വ്യക്തമാക്കി. നാല് തവണയോളം ആക്രമികള്‍ വെടിയുതിര്‍ത്തു. എഎസ്ഐയുടെ മുഖത്ത് മൂന്ന് വെടിയുണ്ട ഏറ്റിറ്റുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോഴിവിള ഭാഗത്തുനിന്നുള്ള റോഡ് പഴയ റോഡില്‍ ചേരുന്നതിന് സമീപത്തായാണ് ചെക്ക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനായി തമിഴ്നാട് ഡിജിപി കേരളത്തിലെത്തിയിരുന്നു കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്നാട് പോലീസ് കണ്ടെത്തിയിരുന്നു. വെടിയുതിര്‍ത്ത സംഘം തീവ്രവാദ അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തിയത്. പ്രതികള്‍ കേരളത്തിലേക്കാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: