ഇടുക്കി: പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. ഇടുക്കി വെള്ളയാംകുടിയില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ജെറിയെയാണ് സിപിഎം ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ചത്.
പണിമുടക്ക് ദിവസം കട തുറന്നെന്ന് ആരോപിച്ച് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ജെറിയെ ആക്രമിക്കുന്നത്. മര്‍ദ്ദനത്തില്‍ ജെറിയുടെ ഒരു പല്ല് പറിഞ്ഞുപോയി. തലക്കും സാരമായി പരിക്കേറ്റു. സംഭവത്തില്‍ ജെറി കട്ടപ്പന പോലീസില്‍ പരാതി നല്‍കി.
പണിമുടക്ക് ദിനത്തില്‍ കടതുറക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും പോത്തന്‍കോടും സമാനമായ തര്‍ക്കം ഉണ്ടായിട്ടുണ്ട്. പണിമുടക്ക് ദിനം പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് പോത്തന്‍കോട് ജങ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. പണിമുടക്കനുകൂലികളുടെ കല്ലേറില്‍ ഹോട്ടലിന്റെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നു. രാവിലെ ഹോട്ടല്‍ തുറക്കുന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു. വൈകിട്ടും ഇത് ആവര്‍ത്തിക്കുകയും സമരാനുകൂലികള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പിന്നീട് പൊലീസ് എത്തി പണിമുടക്കനുകൂലികളെ മാറ്റുകയായിരുന്നു.
















