കൊച്ചി: ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവരുടെ കഴുത്തറുത്തപ്പോള്‍ ന്യൂനപക്ഷ സംരക്ഷണം പറയുന്ന മതേതരക്കാര്‍ പ്രതികരിക്കാഞ്ഞതെന്തെന്ന് ക്രിസ്തീയ വിശ്വാസികളുടെ ചോദ്യം. മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ജനസമൂഹത്തെ ഭീകരതയിലേക്ക് തള്ളിവിടുന്നത് തടയാന്‍ ഭരണ സംവിധാനങ്ങള്‍ മടിക്കരുതെന്ന് ‘ലെയ്റ്റി വോയിസ്’ എന്ന പേരില്‍ ക്രിസ്തീയ സമൂഹത്തിനിടയില്‍ പ്രചരിക്കുന്ന ഔദ്യോഗിക മാസികയുടെ മുഖപ്രസംഗം പറയുന്നു. ക്രൈസ്തവര്‍ കണ്ണു തുറക്കണമെന്ന് മാസിക ആഹ്വാനം ചെയ്യുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്നതാണ് മാസിക. അല്മായരുടെ (വിശ്വാസികളുടെ) ശബ്ദം എന്നാണ് ലെയ്റ്റി വോയ്സിന്റെ അര്‍ഥം.
പൗരത്വ നിയമ ദേദഗതിയുടെ പേരില്‍ രാജ്യത്തെ കലാപഭൂമിയാക്കുന്നവരുടെ മനസ്സിലിരുപ്പ് മനസിലാക്കാന്‍ ഡോക്ടറേറ്റ് വേണ്ട, സാമാന്യ ബുദ്ധിമതി. ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തി നിര്‍ദോഷികളായ ജനസമൂഹത്തെ തെരുവിലേക്ക് തള്ളിവിടുന്ന ഭീകരതയ്ക്ക് അറുതിവരുത്തുവാന്‍ ഭരണസംവിധാനങ്ങള്‍ മടിക്കുന്നതെന്ത്? ചീഫ് എഡിറ്റര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പേരുവച്ചെഴുതിയ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവായ മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരും ഭീകരതയ്ക്കെതിരെ വാചകക്കസര്‍ത്തു നടത്തുന്നവരും ക്രൈസ്തവര്‍ ഐഎസ് ഭീകരരാല്‍ കൊലചെയ്യപ്പെടുമ്പോള്‍ എവിടെപ്പോയി? ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന നീചവും അതിക്രൂരവുമായ ആഗോളഭീകരതയ്ക്കെതിരെ പ്രതികരിക്കാ
നും പ്രതിഷേധിക്കാനും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിരിക്കുന്നവര്‍ മടിക്കുന്നതെന്ത്? എന്ന് തുറന്നു ചോദിക്കുന്ന മുഖപ്രസംഗം, ‘ഇന്നു ഞാന്‍, നാളെ നീ’ എന്ന ചില മതസംഘടനകളുടെ വിരട്ടല്‍ ഇന്ത്യയിലെ ക്രൈസ്തവരോടു വേണ്ടാ എന്നും പറയുന്നു.
സഭകള്‍ക്കുള്ളിലേക്ക് വിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറുന്നതും വിശ്വാസികളുടെ പുത്തന്‍തലമുറയില്‍ ഇടര്‍ച്ചയും അകല്‍ച്ചയും സംഭവിച്ചിരിക്കുന്നതും ക്രൈസ്തവര്‍ കാണാതെ പോകരുതെന്നും ഒരുമിച്ചു നില്ക്കാന് ക്രൈസ്തവ നേതൃത്വത്തിനായില്ലെങ്കില്‍ ഇന്ത്യയില്‍ ഈ സമൂഹം ചരിത്രത്തിന്റെ ഭാഗമാകുമെന്നും മുഖപ്രസംഗം ക്രൈസ്തവ സഭകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: