ആലപ്പുഴ: വിനോദസഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെന്ന് പറഞ്ഞത് പാഴ്വാക്ക്. നൊബേല്‍ സമ്മാന ജേതാവ് ഉള്‍പ്പെടെയുള്ള വിദേശ സഞ്ചാരികളുമായി പോയ ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു. സഞ്ചാരികള്‍ ബോട്ടിനുള്ളില്‍ കുടുങ്ങികിടന്നത് മണിക്കൂറുകളോളമാണ്.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇടത് വലത് തൊഴിലാളി സംഘടനകള്‍ ഇത് പാലിച്ചില്ലെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. ആലപ്പുഴ ആര് ബ്ലോക്ക് ഭാഗത്തു ഏഴോളം ഹൗസ്ബോട്ടുകളാണ് സമരാനുകൂലികള്‍ പിടിച്ചു കെട്ടിയത്. ഇന്നലെ കുമരകത്തു നിന്ന് പുറപ്പെട്ട ബോട്ടുകളാണ് രാത്രി ആര് ബ്ലോക്കില്‍ നിര്‍ത്തിയിരുന്നത്. 2013 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കരസ്ഥമാക്കിയ മൈക്കില്‍ ലെവിറ്റിനെയും കുടുബവുമാണ് ബോട്ടില്‍ കുടുങ്ങിയത്.
ഇന്ന് രാവിലെ ഇവിടെ നിന്ന് യാത്ര തുടങ്ങിയപ്പോഴാണ് സമരാനുകൂലികള്‍ ബോട്ടുകള്‍ തടഞ്ഞതും പ്രശനമുണ്ടാക്കിയതും. അതേസമയം ആലപ്പുഴയിലെ പലയിടത്തും ഹൗസ്ബോട്ട് ഓടിക്കാന്‍ പോലും സമരാനുകൂലികള്‍ സമ്മതിച്ചില്ല. രാവിലെ ഏഴു മുതല്‍ ഹൗസ് ബോട്ടുകളില്‍ ആളുകള്‍ കുടുങ്ങിയതായിയാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ബോട്ടുകളിലാണ് വിദേശ ടൂറിസ്റ്റുകള്‍ കുടുങ്ങിയത്. മണിക്കൂറുകളോളം പിടിച്ചിട്ട ബോട്ടുകള്‍ ഉച്ചകഴിഞ്ഞാണ് വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: