കൊച്ചി: സഹകരണ ബാങ്കുകളെ ലയിപ്പിച്ച് പിറണായി സര്‍ക്കാര്‍ രൂപം കൊടുത്ത കേരള ബാങ്ക്, സര്‍ക്കാര്‍ നടത്തിയ അവകാശവാദങ്ങള്‍ പലതും നിറവേറ്റാന്‍ കഴിയാതെ പ്രവര്‍ത്തിക്കേണ്ടിവരും. കേരളത്തിലെ പല നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളേയും പോലെ കേരള ബാങ്കിനും പ്രവര്‍ത്തിക്കാമെന്നല്ലാതെ ആധികാരികതയും വിശ്വാസ്യതയും സംബന്ധിച്ച കാര്യത്തില്‍ ഉത്തരവാദിത്വം നിക്ഷേപകനും ബാങ്കിനും മാത്രമാകും.
റിസര്‍വ് ബാങ്ക്, കേരള സര്‍ക്കാരിന്റെ സ്വന്തം ബാങ്ക് എന്ന പുതിയ സങ്കല്‍പ്പത്തെ വളരെ ഗൗരവത്തോടെയും കൗതുകത്തോടെയുമാണ് കണ്ടത്. ഇത് വിജയകരമായാല്‍ ബാങ്കിങ് മേഖലയില്‍ പുതിയ വഴിത്തിരിവാകുമെന്നും അവര്‍ വിലയിരുത്തി. ഇൗ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ പല നിര്‍ദേശങ്ങളും വച്ചു. പക്ഷേ, പലതും സംസ്ഥാന സര്‍ക്കാര്‍ തള്ളിയതോടെ ഷെഡ്യൂള്‍ ബാങ്കുകളുടെ ഗണത്തില്‍ കേരള ബാങ്ക് പെടാതായി.
ഇതോടെയാണ്, ബാങ്ക് പ്രവര്‍ത്തനത്തിന് ഒട്ടേറെ തടസ്സങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഉയരുന്നത്. ഇത് സിപിഎമ്മിന്റെ സഹകരണ മേഖലയിലെ രാഷ്ട്രീയക്കളികള്‍ക്ക് കടിഞ്ഞാണാവുകയാണ്.
നോണ്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ നിയമനങ്ങളില്‍ ആര്‍ബിഐ ഇടപെടാറില്ല. പക്ഷേ, പരാതി ഉയര്‍ന്നാല്‍ അന്വേഷണവും നടപടിയും ഉണ്ടാകും. നിക്ഷേപത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. സഹകരണ മേഖലയില്‍ പിടിമുറുക്കിയ സിപിഎം രാഷ്ട്രീയം കേരള ബാങ്കിലും വന്നാല്‍ പരാതികളുടെ പ്രളയമായിരിക്കും. അപ്പോള്‍ ആര്‍ബിഐക്ക് ഇടപെടാതെ കഴിയുകയുമില്ലെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയ ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനങ്ങളും നിക്ഷേപകര്‍ക്ക് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ അവര്‍ ഉദാഹരിക്കുന്നു.
ഏറ്റവും പുതിയ അന്താരാഷ്ട്ര ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും കേരള ബാങ്ക് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തിലായ കേരള ബാങ്ക് എല്ലാ പ്രവര്‍ത്തനത്തിലും മികവ് പ്രകടിപ്പിച്ച്, കുറ്റമറ്റതെന്ന് തെളിയിച്ചാലേ ഷെഡ്യൂള്‍ഡ് ഗണത്തില്‍ വരൂ. അതിനു ശേഷമേ ഏറെ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകരങ്ങളും മികച്ച പ്രവര്‍ത്തനവും കണക്കിലെടുത്ത് ആര്‍ബിഐ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കൂ.
ബാങ്കിന്റെ സ്വത്ത്, വായ്പ, നിക്ഷേപം തുടങ്ങി വിവിധ മേഖലകളില്‍ ആര്‍ബിഐയുടെ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് കമേഷ്യല്‍ ബാങ്കായി പ്രവര്‍ത്തനം തെൡയിച്ചാലേ, നിലവില്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കൂ. ഈ ഭരണ കാലത്ത് അതിന് സാധിക്കില്ലെന്ന നിരാശയിലാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതിനാല്‍ത്തന്നെ സിപിഎം കടുത്ത നിരാശയിലുമാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നതുപോലെയാകും കാര്യങ്ങള്‍ എന്ന് സഹകരണ മേഖലയിലെ പാര്‍ട്ടി നേതാക്കള്‍തന്നെ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: