ശബരിമല: സന്നിധാനത്ത് മാളികപ്പുറത്തിന് സമീപം അന്നദാനമണ്ഡപത്തിന്റെ തിണ്ണയില്‍ അനാഥമായി കിടന്ന അരവണത്തോണിക്ക് ശാപമോക്ഷം. മകരമാസം കഴിഞ്ഞാല്‍ അരവണത്തോണിയുടെ ഉള്‍വശം ചെമ്പും വെള്ളിയും ഉപയോഗിച്ച് ചിത്രപ്പണികള്‍ ആലേഖനം ചെയ്യും. ശേഷം ഇതിനുള്ളില്‍ പണ്ടുകാലത്ത് അരവണ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉരുളി സ്ഥാപിച്ച്, അതില്‍ വെള്ളം നിറച്ച് താമരപൂക്കള്‍ നിറയ്ക്കും. തോണിയുടെ മുന്‍വശത്തായി ഈ മണ്ഡലകാലത്ത് നാഗര്‍കോവില്‍ സ്വദേശികളായ എട്ട് ഭക്തന്മാര് വഴിപാടായി സമര്‍പ്പിച്ച 65 കിലോ തൂക്കമുള്ള വിളക്കും സ്ഥാപിച്ചതിനുശഷം തീര്‍ഥാടകര്‍ക്ക് കാണുവാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണ് ആവിഷ്ക്കരിച്ചത്.
കമ്പകത്തടിയില് നിര്‍മിച്ച അരവണത്തോണി ജീര്‍ണാവസ്ഥയിലായത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അരവണ പ്ലാന്റ് വരുന്നതിന് മുമ്പ് സ്റ്റീമറും കൂളറും ഒന്നുമില്ലാതിരുന്ന കാലത്ത് ഈ തോണിയിലാണ് അരവണ തണുപ്പിച്ചിരുന്നത്. തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അരവണ നിര്‍മാണം പ്ലാന്റിലേക്ക് മാറി. പ്ലാസ്റ്റിക് ബോട്ടില്‍ ടിന് ബോട്ടിലായി. ഇതോടെ ആയിരങ്ങള്‍ക്ക് നിവേദ്യം പകര്‍ന്ന അരവണത്തോണി ആര്‍ക്കും വേണ്ടാതായി. അന്നദാന മണ്ഡപത്തിന്റെ തിണ്ണയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു അരവണത്തോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: