കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടറുടെ കാറിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരു സിഐടിയു പ്രവര്ത്തകന് അറസ്റ്റില്‍. കലൂര്‍ സ്വദേശി സലീം ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ചുമട്ടുതൊഴിലാളിയാണ് സലീം. ഇതോടെ അക്രമത്തെ ന്യായീകരിച്ച സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്. മുത്തൂറ്റിന്റെ കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ഓഫീസിലേക്ക് വരുന്നതിനിടെയാണ് ജോര്‍ജ് അലക്സാണ്ടറുടെ വാഹനത്തിനുനേരെ കല്ലേറുണ്ടായത്.
നേരത്തെ, മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ക്കെതിരെ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് രംഗത്തെത്തിയിരുന്നു. ജോര്‍ജ് അലക്സാണ്ടറിന്റെ കാറിന് നേരെ ഉണ്ടായ കല്ലേറിനെ ന്യായീകരിച്ചാണ് മന്ത്രി രംഗത്തെത്തിയത്. സമരം ചെയ്യുന്ന തൊഴിലാളികളാണ് അക്രമത്തിനു പിന്നിലെന്ന് കരുതുന്നില്ല. പ്രശ്നം സമാധാനപരമായ രീതിയില്‍ പരിഹരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. മാനേജ്മെന്റ് തൊഴിലാളികളുമായി സൗഹാര്‍ദപരമായ സമീപനം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ പ്രശ്നങ്ങള്‍ ഹൈക്കോടതി നിരീക്ഷകന്റെ മധ്യസ്ഥതയില്‍ പരിഹരിച്ചതാണ്. എന്നാല്‍, മാനേജമെന്റ് പ്രശ്നങ്ങള്‍ നിരന്തരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ധിക്കാരമാണ് അവര്‍ ചെയ്യുന്നതെന്നു മന്ത്രി പറഞ്ഞു. മുത്തൂറ്റ് എംഡിയുടെ വാഹനത്തിന് നേരെ ഇന്ന് രാവിലെ കൊച്ചിയില്‍ ഐജി ഓഫീസിന് മുന്നില്‍ വെച്ചാണ് സിഐടിയു ഗുണ്ടകള്‍ കല്ലേറ് നടത്തിയത്. തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 43 ശാഖകളില്‍ നിന്ന് യൂണിയന് സെക്രട്ടറി ഉള്‍പ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ജീവനക്കാര്‍ സമരം നടത്തി വരികയാണ്. ഇതിനു മുമ്പ് നടന്ന സമരത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെയാണ് പിരിച്ചുവിട്ടതെന്നുമാണ് സിഐടിയു ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: