കൊച്ചി: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറിഞ്ഞ സിഐടിയു പ്രവര്‍ത്തകരെ വെള്ളപൂശി സിപിഎം എംഎല്‍എ എം. സ്വരാജ്. മുത്തൂറ്റില്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് സ്വരാജ് വാദിക്കുന്നത്. ഇതിലൂടെ സിഐടിയു പ്രവര്‍ത്തകരെ സംഭവത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് സിപിഎം എംഎല്‍എ ശ്രമിക്കുന്നത്.
അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. അക്രമത്തിന് പിന്നില്‍ പ്രതിഷേധക്കാര്‍ അല്ലെന്നും സിഐടിയു പ്രവര്‍ത്തകരെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം. സ്വരാജ് അഭിപ്രായപ്പെട്ടു.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് മുത്തൂറ്റ് എംഡിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ജോര്‍ജ് അലക്സാണ്ടറിന്റെ തലയ്ക്ക് പരിക്കേറ്റു. ഒമ്പത് മണിയോടെ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്മെന്റ് പുറത്തുവിട്ടിട്ടുണ്ട്.
മുന്‍വശത്ത് ഇരുന്ന എംഡിക്ക് പരിക്കേറ്റു. പിന്‍വശത്തെ ഗ്ലാസ് തകര്‍ന്നെങ്കിലും പിന്നിലിരുന്ന ഈപ്പന് അലക്സാണ്ടറുടെ ദേഹത്ത് കൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയതെന്ന് മുത്തൂറ്റ് മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇരുപതോളം പേര് കല്ലെറിഞ്ഞെന്നാണ് മാനേജ്മെന്റ് പറയുന്നത്. ജോര്‍ജ് അലക്സാണ്ടറും മകന് ഈപ്പന് അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് വലിയ കോണ്‍ക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്മെന്റ് പറയുന്നു.
കഴിഞ്ഞ മാസം രണ്ടാം തീയതി മുതല്‍ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടന്നുവരികയായിരുന്നു. സമരത്തെത്തുടര്‍ന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നില്‍ വച്ച് എംഡിയുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: