തിരുവനന്തപുരം: മാവോവാദികളെ വെടിവെച്ച് വീഴ്ത്തിയ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചത് പോലീസ് എഴുതിക്കൊടുത്ത വിവരങ്ങളെന്ന് സപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു.
കേരളത്തിന്റെ മുഖ്യമന്ത്രി പോലീസ് എഴുതി കൊടുത്ത വിവരങ്ങളല്ല പറയേണ്ടത്. ഇക്കാര്യത്തില്‍ ഇടതുപക്ഷ നിലപാട് നഷ്ടപ്പെടാതെ മുഖ്യമന്ത്രി മറുപടി പറയണം. പോലീസ് രാജ് നടപ്പാക്കി ഈ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ല. മഞ്ചക്കണ്ടി മാവോവാദി വേട്ടയ്ക്ക് ഉത്തരവാദികളായ പോലീസ് മേധാവികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ച് സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരള സര്‍ക്കാരിന് മാത്രം ബാധകമല്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. കോടതിയുടെ നിര്‍ദേശം പാലിച്ച് വെടിവെപ്പ് നടത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണം. ആ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
അലന്റെയും താഹയുടെയും പേരില്‍ യുഎപിഎ ചുമത്തിയത് കേരള പോലീസാണ്. അവരെ ജയിലില്‍ അടച്ചിട്ട് നഗര മാവോവാദികളാണെന്ന് പറഞ്ഞതും ഭരണാധികാരികളാണ്. ഇത്രയും ചെയ്തിട്ട് എന്‍ഐഎ കേസ് ഏറ്റെടുത്തതിനെ എതിര്‍ത്തിട്ട് കാര്യമില്ല.
ആദിവാസി മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യമില്ല. വനമേഖലയില്‍ മാവോവാദികള്‍ ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല. തണ്ടര്‍ബോള്‍ട്ടാണ് ആദിവാസി മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. അതിനാല്‍ തണ്ടര്‍ ബോള്‍ട്ടിനെ ആദിവാസി മേഖലകളില്‍ നിന്ന് പിന്‍വലിക്കണമെന്നും പ്രകാശ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: