ന്യൂദല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്നെത്തിയ സിക്ക് അഭയാര്‍ത്ഥികളുടെ കുടിലുകളില്‍ എത്തി പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ഗൃഹസമ്പര്‍ക്കത്തിന്റെ ഇടയിലാണ് അഭയാര്‍ത്ഥി കോളനിയില്‍ അമിത് ഷാ എത്തിയത്. അമര്‍ കോളനി പ്രദേശത്ത് താമസിക്കുന്ന സിക്ക് അഭയാര്‍ത്ഥികളെയാണ് അമിത് ഷാ സന്ദര്‍ശിച്ചത്. തങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമനിര്‍മാണം നടത്തിയ അമിത് ഷായെ കണ്ണീരോടെ കൈകൂപ്പിയും ആരതി ഉഴിഞ്ഞുമാണ് അഭയാര്‍ത്ഥികള്‍ സ്വീകരിച്ചത്.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് അമിത് ഷായോട് നന്ദിയും അഭയാര്‍ത്ഥികള്‍ പറഞ്ഞു. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനില്‍ നിന്നും ഇവര്‍ ഇന്ത്യയിലെത്തിയത്. പാകിസ്താനിലെ നാന്‍കാന ഗുരുദ്വാരയില്‍ സംഭവിച്ചത് ഇന്നലെ കണ്ടുവെന്നും അഫ്ഗാനിസ്താനിലും സമാനമായ രീതിയില്‍ ദുരിതം അനുഭവിക്കുകയാണ് തങ്ങളെന്നും ഇവര്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി. അമര്‍ കോളനിയില്‍ തങ്ങള്‍ നടത്തിയിരുന്ന കടകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്നും അഭയാര്‍ത്ഥികള്‍ ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു.
















