ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് റെസ്റ്റോറന്റ് നടത്തുന്നയാളെ നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപം. കെസിയ റെസ്റ്റോറന്റ് ഉടമ ജോസ് ആറാത്തുംപള്ളിയാണ് പരാതിക്കാരന്.
ബീച്ചില്‍ ഡിടിപിസി വക പബ്ലിക് ടോയ്ലെറ്റ് അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ സമീപത്തെ സ്ഥാപനങ്ങളെയാണ് മൂത്രം ഒഴിക്കുന്നതിന് ആശ്രയിക്കുന്നത്. ഒരുദിവസം തന്നെ നിരവധി ആളുകള്‍ ഈ ആവശ്യത്തിനെത്തുന്നതിനാല് ടോയ്ലെറ്റുകള് ഉപയോഗശൂന്യമാകുന്നു. ഈ സാഹചര്യത്തില്‍ തന്റെ സ്ഥാപനത്തിലെ ടോയ്ലെറ്റ് കസ്റ്റമേഴ്സിന് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ജോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഒരു സ്ത്രീ ടോയ്ലെറ്റില് പോകണമെന്ന് ആവശ്യപ്പെട്ട് വന്നപ്പോള്‍ ജീവനക്കാര്‍ അനുവദിച്ചില്ല. പിന്നീട് ഇവര്‍ പുരുഷന്മാരുടെ ഒരു സംഘവുമായി എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. സ്ത്രീക്ക് ടോയ്ലെറ്റില് പോകാനുള്ള സൗകര്യം പിന്നീട് നല്‍കിയതായും ജോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ നഗരസഭാ കൗണ്‍സിലര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്, പോലീസുകാരന് എന്നിങ്ങനെ പരിചയപ്പെടുത്തിയ ശേഷമായിരുന്നു ഭീഷണി.
ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ഇതിന് സാക്ഷിയാണെന്നും സിസിടിവി ക്യാമറയില്‍ സംഭവങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും ജോസ് പറഞ്ഞു. ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: