കേരളത്തിലെ ആധ്യാത്മിക സാംസ്കാരിക നവോത്ഥാന ചരിത്രത്തെ പരാമര്‍ശിക്കുമ്പോള്‍ സാമൂഹ്യ രാഷ്ട്രീയ ചരിത്രകാരന്മാര് മറന്നു പോകുന്ന പേരാണ് അയ്യാഗുരുസ്വാമികളുടേത്. ആധ്യാത്മിക ഗുരുവും നവോത്ഥാന പരിഷ്കര്‍ത്താവുമായിരുന്ന അയ്യാഗുരുസ്വാമികള്‍ കേരളത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരക്കാരനായിരുന്നു. 1814-ല്‍ (മാര്‍ഗഴിമാസത്തിലെ അശ്വതി നക്ഷത്രം) മദ്രാസിലായിരുന്നു അയ്യാഗുരുക്കളുടെ ജനനം. അദ്ദേഹത്തിന്റെ പൂര്‍വാശ്രമനാമം സുബ്ബരായ്യര്‍.
തമിഴിലും ഇംഗ്ലീഷിലും വിദ്യാഭ്യാസം നേടിയ ശേഷം 12ാം വയസില്‍ മന്ത്രോപദേശം സ്വീകരിച്ചു. 16ാം വയസില്‍ ഗുരുവിനോടൊപ്പം ഭാരതത്തിനകത്തും, പുറത്തും (ബര്‍മ്മ, സിംഗപ്പൂര്‍, പെനാംഗ്, ആഫ്രിക്ക) ദേശാടനം നടത്തി. ഇതിനിടെ മറ്റ് വൈദേശിക ഭാഷകളും സ്വായത്തമാക്കി. സ്വാതിതിരുനാളിന്റെ ആത്മീയ ഗുരുവായിരുന്നു അയ്യാഗുരുസ്വാമികള്‍. ആയില്യംതിരുനാള് മഹാരാജാവിന്റെയും (1875) ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും (1909) ഭരണകാലത്ത് അദ്ദേഹം തിരുവിതാംകൂറിന്റെ റസിഡന്‍ഷ്യല്‍ മാനേജരായിരുന്നു.
അക്കാലത്ത് തിരുവനന്തപുരം തൈയ്ക്കാട്ട് ദേവിക്ഷേത്രത്തില്‍നിന്നും ദര്‍ശനം ലഭിച്ച വേളയില്‍ അദ്ദേഹം ദേവിയെ സ്തുതിച്ച് പാടിയ കീര്‍ത്തനമായിരുന്നു വിഖ്യാതമായ ‘പഞ്ചരത്നം’ എന്ന കൃതി. കൂടാതെ തമിഴില്‍ പത്തോളം കൃതികള്‍ രചിച്ചു. വജ്രസൂചികോപനിഷത്ത് തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് ‘ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍ താന്‍’ എന്ന് അയ്യാഗുരു ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു.
പുലയമഹാസഭയുടെ ആചാര്യനായിതീര്‍ന്ന അയ്യന്‍കാളിയെയും ഇതര മതസ്ഥരെയും ഒപ്പമിരുത്തി സ്വഗൃഹത്തില്‍വച്ച് നൂറ്റിനാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പേ (1875) തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെ അയ്യാഗുരുസ്വാമികള്‍ നടത്തിയ പന്തിഭോജനം ഒരു വിപ്ലവാത്മക സന്ദേശമായിരുന്നു. ചാതുര്‍വര്‍ണ്യത്തെ എതിര്‍ത്തുകൊണ്ട് അയിത്തം പാപമാണെന്നും, ബ്രഹ്മജ്ഞാനിയും, യോഗിയുമായ ആര്‍ക്കും വിഗ്രഹപ്രതിഷ്ഠയും താന്ത്രിക കര്‍മ്മങ്ങളും നടത്താമെന്നും സ്വാമികള്‍ ശിഷ്യരെ പഠിപ്പിച്ചു. യോഗയിലൂടെ സ്വജീവിതം ക്രമീകരിച്ച് സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് യുവയോഗീവര്യന്മാരെ വാര്‍ത്തെടുത്ത് നേതൃത്വം കൊടുത്ത യോഗാചാര്യന് കൂടിയായിരുന്നു അയ്യാഗുരു സ്വാമികള്‍.
അയ്യാവൈകുണ്ഠ നാഥന്, തീര്‍ത്ഥപാദസമ്പ്രദായം, അയ്യാമിഷന്‍, സ്വയം പ്രകാശയോഗം സമ്പ്രദായം, സ്കൂള്‍ ഓഫ് ശാന്തി തുടങ്ങിയ സംന്യാസപരമ്പരകള്‍ക്ക് കാരണഭൂതനായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ജ്ഞാന പ്രജാഗാരസഭയും ശൈവപ്രകാശസഭയും സ്ഥാപിച്ചു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് അയ്യാഗുരുസ്വാമികളുടെ പ്രവചനങ്ങളില്‍ വലിയ വിശ്വാസമായിരുന്നു. ശ്രീ ചിത്തിരതിരുനാളിന്റെ ജനനം, രാജവാഴ്ചയുടെ അന്ത്യം, ഭാരത വിഭജനം, അയ്യന്‍കാളിയുടെ ശ്രീമൂലം സഭാപ്രവേശനം തുടങ്ങിയവ കൃത്യമായ പ്രവചനങ്ങളായിരുന്നു. മുന്‍ പ്രവചിച്ച പ്രകാരം 1909-ല്‍ കര്‍ക്കിടകമാസത്തിലെ മകം നക്ഷത്രത്തില്‍ അദ്ദേഹം സമാധിയായി.
(അയ്യാഗുരുസ്വാമി ധര്‍മ്മപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
8089246716
പ്രതികരിക്കാൻ ഇവിടെ എഴുതുക: