വത്തിക്കാന്‍: ആരാധികയുടെ കൈയില്‍ അടിച്ചതിനു ക്ഷമ ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങള്‍ തടയണമെന്ന പ്രസംഗം നടത്തിയ മാര്‍പാപ്പ പുതുവത്സരാഘോഷത്തില്‍ കത്തോലിക്കാ വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നതിനിടെ തന്റെ കൈ പിടിച്ച ഒരു സ്ത്രീയോട് രോഷകുലനായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടുകൂടി മാര്‍പാപ്പ ക്ഷമ ചോദിച്ച് രംഗത്തെത്തി.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആരാധിക കൈ പിടിച്ച് വലിച്ചപ്പോള്‍ തനിക്ക് ക്ഷമ നഷ്ടപ്പെട്ടതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ‘ഞങ്ങള്‍ക്ക് പലതവണ ക്ഷമ നഷ്ടപ്പെടുന്നു, എനിക്കും സംഭവിക്കുന്നു. ഇന്നലെ നല്‍കിയ മോശം മാതൃകയില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’കത്തോലിക്കാസഭയുടെ തലവന്‍ വത്തിക്കാനിലെ ആഘോഷങ്ങള്‍ക്കിടയില്‍ പറഞ്ഞു.
സംഭവത്തിന്റെ തലേദിവസം വത്തിക്കാനില്‍ നടത്തിയ പ്രസംഗത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയണമെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു. ഇത് ദൈവത്തെ അശുദ്ധമാക്കുന്നതുപോലെയാണെന്ന് പറഞ്ഞു. പുതുവര്‍ഷത്തില്‍ മെച്ചപ്പെട്ട ലോകം വേണമെങ്കില്‍ സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















