ചെന്നൈ: ബിജെപി നേതാക്കളായ എച്ച്.രാജ, ലാ ഗണേശന്‍, പൊന്‍ രാധാകൃഷ്ണന്‍, സി.പി. രാധാകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റില്‍. എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ന്യൂനപക്ഷങ്ങള്‍ കൊന്നുകളയണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചില്‍ സംഘടിപ്പിച്ച പ്രതിഷേധസമരത്തിനിടെയാണ് അറസ്റ്റ്.
തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെല്ലൈ കണ്ണനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനെതിരേയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ തിരുനെല്‍വേലിയില്‍ മതമൗലിക സംഘടനകളായ എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവര്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കണ്ണന്റെ പ്രകോപനപരമായ പരാമര്‍ശം. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് കേസ് എടുത്തൃത്.
നെല്ലൈ കണ്ണന്‍ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വധിക്കാന്‍ ആഹ്വാനം ചെയ്തുവെന്നും അതിനെതിരെ താന്‍ തമിഴ്‌നാട് ഡിജിക്ക് പരാതി നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. നെല്ലൈ കണ്ണനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ ധരണ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നെല്ലൈ കണ്ണന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍വെച്ച് കണ്ണനെ ജനങ്ങള്‍ വഴിയില്‍ തടഞ്ഞിരുന്നു.
















